Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightമഴയും വെയിലും മഞ്ഞും...

മഴയും വെയിലും മഞ്ഞും വന്യമൃഗശല്യവും, ദുരിതം തീരാതെ കർഷകർ

text_fields
bookmark_border
representative image
cancel
camera_alt

പ്രതീകാത്മക ചിത്രം

അ​ടി​മാ​ലി: മഴയും വെയിലും മഞ്ഞുമെല്ലാം മലയോര ജില്ലയിലെ കർഷകർക്ക് സമ്മാനിക്കുന്നത് ദുരിതംമാത്രമാണ്. കാലം തെറ്റിപ്പെയ്യുന്ന കാലവർഷവും കണക്കൂകൂട്ടലുകൾ തെറ്റിച്ചെത്തുന്ന വരൾച്ചയും മൂലം ഹെക്ടർ കണക്കിന് കൃഷിയാണ് നശിക്കുന്നത്. ഇതോടൊപ്പമാണ് ഇക്കുറി കനത്ത തണുപ്പും മഞ്ഞും ഹൈറേഞ്ചിലെ കർഷകർക്ക് പ്രതിസന്ധി തീർക്കുന്നത്.

പ്രകൃതി ദുരന്തങ്ങൾക്ക് പുറമെയാണ് വന്യമൃഗങ്ങളും കർഷകർക്കുമേൽ ദുരിത മഴ പെയ്യിക്കുന്നത്. വനാതിർത്തികളിലും ഇതിനോട് ചേർന്നുളള ജനവാസ കേന്ദ്രങ്ങളിലുമെല്ലാം ഹെക്ടർകണക്കിന് കൃഷിയാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നശിക്കുന്നത്. നടപടിയെടുക്കേണ്ട സർക്കാർ നിസ്സംഗത പാലിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. വന്യമൃഗ ശല്യം രൂക്ഷമായതോടെ ഈ മേഖലകളിൽ കർഷകർ കൂട്ടത്തോടെ കൃഷി ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

അതിശൈത്യം; കരിഞ്ഞുണങ്ങി തേയിലകൃഷി

തൊടുപുഴ: കനത്ത മഞ്ഞുവീഴ്ച മൂലം മൂന്നാറിലടക്കം കരിഞ്ഞുണങ്ങുന്നത് ഹെക്ടർ കണക്കിന് തേയിലച്ചെടികൾ. അതിശൈത്യംപിടിമുറുക്കിയതോടെ ദിവസങ്ങളായി മഞ്ഞു വീഴ്ച തുടരുന്നതാണ് തേയില കൃഷിക്ക് തിരിച്ചടിയായിരിക്കുന്നത്. മൂന്നാറിലും പരിസരത്തുമായി നൂറ് ഹെക്ടറിന് മുകളിൽ തേയിലച്ചെടികൾ കരിഞ്ഞുണങ്ങി നിൽക്കുന്നതായാണ് വിവരം.

രാവിലെയുമുണ്ടാകുന്ന മഞ്ഞുവീഴ്ചയെ തുടർന്ന് ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങൾ രാവിലത്തെ കനത്ത ചൂടിൽ ബാഷ്പീകരിച്ചു പോകും. ഇതോടൊപ്പം കൊളുന്തും ഇലകളും ചെടികളും കരിയുകയാണ് ചെയ്യുന്നത്. ശൈത്യകാലം മാറി ആവശ്യത്തിന് മഴ ലഭിച്ചാൽ മാത്രമേ തേയിലച്ചെടികൾ പിന്നീട് വളർന്ന് കൊളുന്ത് ലഭിക്കുകയുള്ളു. ഇത്രയധികം തേയിലച്ചെടികൾ നശിച്ചതിനാൽ കണ്ണൻദേവൻ കമ്പനിയുടെ തേയില ഉൽപാദനത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

തേയില വ്യവസായത്തിന് തിരിച്ചടിയാകും

ഹാരിസൺ, തലയാർ, കൊളുക്കുമല തുടങ്ങിയ എസ്റ്റേറ്റുകളിലും ഹെക്ടർ കണക്കിന് സ്ഥലത്തെ തേയിലച്ചെടികൾ മഞ്ഞുവീഴ്ചമൂലം കരിഞ്ഞു. മൂന്നാറിലെ തണുപ്പ് ആസ്വദിക്കാൻ വിനോദ സഞ്ചാരികൾ ഏറെ എത്തുന്നത് വിനോദസഞ്ചാര മേഖലക്ക് ഗുണകരമാണെങ്കിലും തണുപ്പ് തേയില വ്യവസായത്തിന് തിരിച്ചടിയാകും. കണ്ണൻദേവൻ, ടാറ്റ, എച്ച്.എം.എൽ, തലയാർ തുടങ്ങിയ കമ്പനികളാണ് പ്രധാനമായും മൂന്നാർ മേഖലയിൽ തേയില കൃഷി നടത്തുന്നത്. എച്ച്.എം.എല്ലിന്‍റെ 131 ഹെക്ടർ തേയിലകൃഷി ഇത്തരത്തിൽ കരിഞ്ഞുണങ്ങിയതായാണ് അധികൃതർ പറയുന്നത്. മുൻ വർഷങ്ങളിൽ തേയില കൃഷി ഇത്തരത്തിൽ നശിച്ചത് വില വർധനക്കും ഇടയാക്കിയിരുന്നു. 2019ൽ മൂന്നാറിൽ 870 ഹെക്ടറിലെ തേയില നശിച്ചതിലൂടെ 26.47ലക്ഷം കിലോ തേയിലയുടെ ഉൽപാദന നഷ്ടം ഉണ്ടായിരുന്നു. മഞ്ഞുവീഴ്ചമൂലം അതിരാവിലെ ജോലിക്കെത്താൻ തൊഴിലാളികൾക്ക് കഴിയാത്ത സാഹചര്യവും നില നിൽക്കുന്നു.

വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി മലയോരം

അടിമാലി: നീണ്ടുനിന്ന കാലവർഷത്തിനുശേഷം കൃഷിയിടങ്ങൾ വരൾച്ചയുടെ പിടിയിലാകുന്നതിന് പിന്നാലെ രൂക്ഷമായ വന്യമൃഗശല്യവും കർഷകരെ ദുരിതത്തിലാക്കുന്നു. കാട്ടാനയും കാട്ടുപന്നിയും കുരങ്ങുകളും വ്യാപക നാശമാണ് ഉണ്ടാക്കുന്നത്. ഇതോടൊപ്പമാണ് അതിശക്തമായ മഴക്ക് പിന്നാലെയെത്തിയ ശക്തമായ വെയിലും എല്ലാത്തരം കൃഷികളെയും പ്രതികൂലമായാണ് ബാധിക്കുന്നത്.

വിളവെടുപ്പ് തുടങ്ങിയ കാപ്പി കർഷകരെയാണ് കൂടുതൽ ബാധിച്ചത്. കൊക്കോ കൃഷിയും വലിയ നഷ്ടമാണ്. കാലവർഷം ചതിച്ചതിനാൽ കുരുമുളക് കർഷകർക്കും തിരിച്ചടിയാണ്. ഇതിന് പുറമെയാണ് വന്യമൃഗശല്യം. കർഷകർ വൻവില നൽകി വാങ്ങി നട്ട ചെറിയ ഫലവൃക്ഷത്തൈ അടക്കമാണ് നശിപ്പിക്കുന്നത്. കൂട്ടമായി കൃഷിയിടത്തിൽ ഇറങ്ങുന്ന കുരങ്ങുകൾ മിനിറ്റുകൾക്കകമാണ് ഇവ തകർക്കുന്നത്. കിഴങ്ങ് വർഗങ്ങൾ കാട്ടുപന്നികളും ദീർഘ വിളകളായ കവുങ്ങ്, തെങ്ങ്, പ്ലാവ് തുടങ്ങിയവ കാട്ടാനകളും നശിപ്പിക്കുന്നുണ്ട്. കൂടാതെ കുരുമുളകുവള്ളി, വാഴ, പച്ചക്കറി അടക്കമുള്ളവയും വളരാൻ അനുവദിക്കാതെ അവയുടെ തളിരിലകൾ അടക്കം തിന്നുകയാണ്.

ഏലത്തോട്ടങ്ങളിൽ എത്തുന്ന കാട്ടാനകൾ ഏലച്ചെടികൾ വ്യാപകമായി ചവിട്ടി നശിപ്പിക്കുകയാണ്. കടുവ, പുലി എന്നിവയുടെ ശല്യം വർധിച്ചതോടെ വളർത്തുമൃഗങ്ങൾക്കും രക്ഷയില്ല. തോട്ടം മേഖലയിൽ ഒരു മാസത്തിനിടെ എട്ടുപശുക്കളെയാണ് കടുവയും പുലിയും കൊന്ന് ഭക്ഷിച്ചത്. വളർത്തുനായ്ക്കൾ, ആട്, കോഴി എന്നിവയും വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട്. വളർത്തുമൃഗങ്ങളെ വനത്തിൽ കയറ്റാൻ പറ്റില്ലെന്ന് വനംവകുപ്പ് പറയുന്നതിനിടയാണ് വളർത്തുമൃഗങ്ങൾക്കെതിരെ വലിയ ആക്രമണം ഉണ്ടാകുന്നത്. മറയൂർ , വട്ടവട , മൂന്നാർ, ദേവികുളം പഞ്ചായത്തുകളിൽ വീട്ടുമുറ്റത്ത് പച്ചക്കറികൾ നട്ടാൽപോലും വിളവെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. വളർത്തുനായ് കുരച്ചുചാടിയാലും ഇവ നിന്നിടത്ത് നിന്ന് അനങ്ങാൻ കൂട്ടാക്കാറില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Animal Attackdanger and bad weatherFarmers struggle
News Summary - Rain, sun, snow, and wild animal attacks continue to plague the farmers
Next Story