ലഹരിവസ്തുക്കളുടെ വിൽപന; വഴിയോര കട പൊളിച്ചുമാറ്റി പൊലീസ്
text_fieldsഅടിമാലി: ലഹരി വിൽപന നടത്തിവന്നിരുന്ന പൂപ്പാറ ടൗണിലെ വഴിയോര കട ശാന്തൻപാറ പൊലീസ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റി. കടയിൽനിന്ന് ലഹരിവസ്തുക്കൾ പിടികൂടിയതിനെത്തുടർന്ന് സ്വമേധയാ കട ഒഴിഞ്ഞുപോകുന്നതിന് ശാന്തൻപാറ പൊലീസ് ഇൻസ്പെക്ടർ കടയുടമക്ക് നോട്ടീസ് നൽകിയിരുന്നു. പൊലീസ് നൽകിയ നോട്ടീസിന് എതിരായി ഇയാൾ ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. തുടർന്ന് മുൻകാല കേസുകളെ കുറിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കി ഹൈകോടതിയിൽ സമർപ്പിച്ച ശാന്തൻപാറ പൊലീസ് ഇയാൾ സ്ഥിരമായി ലഹരി വിൽപനയിൽ ഏർപ്പെട്ടുവരുന്ന ആളാണെന്ന് ഹൈകോടതിയെ ധരിപ്പിക്കുകയും ഹൈകോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടുകയും ചെയ്തതോടെയാണ് കട പൊളിച്ചു നീക്കിയത്. നടപടിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ലഹരി വസ്തുക്കളുടെ വിൽപന നടത്തി പിടിക്കപ്പെട്ടാൽ കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് ശാന്തൻപാറ ഇൻസ്പെക്ടർ എസ്. ശരലാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

