സർക്കാർ ഓഫീസുകളിൽ േഫാൺ നോക്കുകുത്തി; ബെല്ലടിമാത്രം;എടുക്കാൻ ആളില്ല
text_fieldsഅടിമാലി: സർക്കാർ ഓഫിസുകളിൽ ഫോൺ എടുക്കുന്നതിൽ ജീവനക്കാർ ഗുരുതര വീഴ്ച വരുത്തുന്നതായി പരാതി. വൈദ്യുതി, പഞ്ചായത്ത്, പൊലീസ്, കെ.എസ്.ആർ. ടി. സി, റവന്യു, ആരോഗ്യം തുടങ്ങി എല്ലാ വകുപ്പുകൾക്കെതിരെയും വ്യാപക ആരോപണമാണ് ഉള്ളത്. ലാൻഡ് ഫോണുകളാണെങ്കിൽ ഉപേക്ഷിച്ച അവസ്ഥയിലാണ്. സി.യു.ജി ഫോണുകൾ ഉള്ള ജീവനക്കാരും ജനം വിളിച്ചാൽ എടുക്കാറില്ല.
അത്യാവശ്യ സേവനങ്ങൾ വേഗത്തിൽ നടത്തേണ്ട പൊലീസ് വകുപ്പിൽ ആണ് ഏറെ ആക്ഷേപം. പൊലീസ് സ്റ്റേഷനുകളിൽ ലാൻഡ് ഫോണുകൾക്ക് പുറമെ പൊതുവായ മൊബൈൽ കണക്ഷനും ഓഫീസർമാർക്ക് പ്രത്യേക സി.യു. ജി കണക്ഷനും നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഓരോ പൊലീസുകാർക്കും സി.യു. ജി സിം നൽകിയിട്ടുണ്ട്. എന്നാൽ അത്യാവശ്യഘട്ടങ്ങളിൽ വിളിച്ചാൽ ഇതൊന്നും കിട്ടില്ല. എസ്. എച്ച്. ഒ മാർക്ക് സി.യു. ജി കണക്ഷൻ അലർജിയാണെന്നാണ് ആക്ഷേപം.
പിന്നീട് ഏറ്റവും കൂടുതൽ പരാതി ഉയരുന്നത് വൈദ്യുതി വകുപ്പിലാണ്. വീട്ടിൽ വൈദ്യുതി മുടങ്ങിയാലോ, വഴിയോരങ്ങളിൽ അപകടാവസ്ഥയിൽ ലൈനുകൾ പൊട്ടിക്കിടന്നാലോ ഓഫീസുകളിലേക്ക് വിളിച്ചാൽ കിട്ടില്ല. അവധി ദിനങ്ങളിൽ ഓഫിസർമാരുടെ ഫോണുകൾ എല്ലാം പ്രവർത്തന രഹിതമാണ്. മനപ്പൂർവ്വം സി.യു . ജി സിമ്മുകൾ ഒഴിവാക്കുന്നതാണ് ഇതിന് കാരണം . എന്നാൽ ഉപഭോക്തക്കളെ വൈദ്യുതി ബിൽ അടക്കാൻ ഓഫീസിൽ നിന്നും നിരന്തരം വിളിച്ച് ശല്യം ചെയ്യുന്ന പ്രവണത കൂടുതലാണ്. ആരോഗ്യ വകുപ്പിലും ലാൻഡ് ഫോണുകൾ എടുക്കാൻ ആരും തയാറല്ല .
സർവിസുകളെക്കുറിച്ചും സമയക്രമങ്ങളെക്കുറിച്ചും അറിയാൻ കെ.എസ്.ആർ.ടി.സിയിൽ വിളിച്ചാൽ നടപടിയില്ല.മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പലപ്പോഴും ഫോൺ എടുക്കാറില്ലെന്ന് പരാതിയുണ്ട്. തുടർച്ചയായി വിളിച്ചിട്ടും ഫോണെടുക്കാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒരു യാത്രക്കാരൻ മൂന്നാർ ടൗണിൽ നിന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തി നോക്കിയപ്പോൾ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിൽ ഫോൺ വെറുതെയിരുന്ന് ബെല്ലടിക്കുന്നതാണ് കണ്ടത്. അടുത്ത് ജീവനക്കാരുണ്ടെങ്കിലും ആരും അത് പരിഗണിക്കുന്നില്ല.
ഫോണെടുക്കാത്തതെന്താണ് എന്ന് യാത്രക്കാരൻ ചോദിച്ചപ്പോൾ ‘എൻക്വയറി’യിൽ ആളില്ലെന്നായിരുന്നു മറുപടി. ഇതേ അനുഭവം അടിമാലി എൻക്വയറി ഓഫീസിലും ഉപഭോക്താക്കൾ അനുഭവിക്കുന്നു. തിരുവനന്തപുരം ബസിനെക്കുറിച്ച് അറിയേണ്ട യാത്രക്കാരൻ മൂന്നാറിൽ നിന്ന് ബസ് പുറപ്പെട്ടോ എന്നറിയാൻ രണ്ട് മണിക്കൂർ കാത്ത് നിന്ന് അടിമാലിക്കും മൂന്നാറിനും ഏറെ നേരം വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല.
കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ലാൻഡ് ഫോണുകൾ ഒഴിവാക്കി മൊബൈൽ ഫോണുകളാക്കിയത് അടുത്തിടെയാണ്. ചിരപരിചിത നമ്പറുകൾ ഇല്ലാതായത് യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. മൊബൈൽ ഫോൺ നമ്പർ എല്ലാവരും അറിഞ്ഞു വരുന്നതേയുള്ളു താനും. വിളി കുറവായിട്ടും റിങ് ചെയ്യുമ്പോൾ ഫോണടുക്കുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. എന്നാൽ ‘എൻക്വയറി’ വിഭാഗത്തിൽ ആരെയും ഡ്യൂട്ടിക്ക് നിയോഗിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് ഡിപ്പോ അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

