കഞ്ചാവുമായി ഒരാൾ പിടിയിൽ; കൂട്ടാളി രക്ഷപ്പെട്ടു
text_fieldsബൈജു
തങ്കപ്പൻ
അടിമാലി: ഒളിവിലായിരുന്ന കഞ്ചാവ് കേസ് പ്രതിയെ ഒരു കിലോ കഞ്ചാവുമായി പിടികൂടി. ഒരാൾ രക്ഷപ്പെട്ടു. കോതമംഗലം കോട്ടപ്പടി ഐരൂർപ്പാടം ഉപ്പുകണ്ടം കണ്ടത്തിൻകരയിൽ
ബൈജു തങ്കപ്പനെയാണ് (39) അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ കെ. രാജേന്ദ്രന്റെ നേതൃത്വത്തിൽ അടിമാലി പരിസരത്ത് നടത്തിയ പരിശോധനയിൽ പിടികൂടിയത്. അടിമാലി മച്ചിപ്ലാവ് വട്ടപ്പറമ്പിൽ ജെറിൻ തോമസാണ് രക്ഷപ്പെട്ടത്.
പ്രതികൾ മുമ്പും കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ഒന്നാം പ്രതി ബൈജു അടിമാലി നർക്കോട്ടിക് സ്ക്വാഡ്, അടിമാലി എക്സൈസ് റേഞ്ച് ഓഫീസ് എന്നിവിടങ്ങളിലെ കഞ്ചാവ് കേസുകളിലെ പ്രതിയാണ്. അടിമാലി എക്സൈസ് റേഞ്ച് ഓഫിസിലെ കഞ്ചാവ് കേസിൽ ഉൾപ്പെട്ട് ഒളിവിലായിരുന്നു ഇയാൾ. ജെറിൻ തോമസ് പാലക്കാട് ജില്ലയിൽ വിവിധ കഞ്ചാവ് കേസിലെ പ്രതിയാണ്.
അന്വേഷണ സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ.കെ. ദിലീപ്, പ്രിവന്റീവ് ഓഫിസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം. സുരേഷ്, അബ്ദുൾ ലത്തീഫ്, യദുവംശരാജ് എന്നിവർ പങ്കെടുത്തു. അടിമാലി നർക്കോട്ടിക് സ്ക്വാഡ് കഴിഞ്ഞ ദിവസം ചാറ്റുപാറ മേഖലയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ വീട്ടുവളപ്പിൽ നട്ടതിന് ചാറ്റുപാറ കുടിയിൽ സുധി നാഗൻ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.

