പൊലീസ് സർജനില്ല; പോസ്റ്റ്മോർട്ടത്തിന് താണ്ടേണ്ടത് കിലോമീറ്ററുകൾ
text_fieldsഅടിമാലി: താലൂക്ക് ആശുപത്രിയിൽ പൊലീസ് സർജൻ വേണമെന്ന ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളുകളായെങ്കിലും നടപടിയില്ല. ദേവികുളം, ഉടുമ്പൻ ചോല താലൂക്കുകളിൽ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ നടപടികൾ പൂർത്തിയാക്കാൻ ഇപ്പോൾ ഇടുക്കി, കോട്ടയം മെഡിക്കൽ കോളജുകളിലേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്.
ഇത് ഇവരുടെ ബന്ധുക്കൾക്ക് സാമ്പത്തികമായും, മാനസികമായും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മറയൂർ, കാന്തല്ലൂർ മേഖലയിൽ പോസ്റ്റ്മോർട്ടം ചെയ്യാൻ മൃതദേഹവുമായി ബന്ധുക്കൾ 170 കിലോമീറ്റർ യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. ഇതു മൂലം മരണത്തിന്‍റെ മൂന്നാം ദിവസമാണ് പലപ്പോഴും സംസ്കരിക്കാൻ കഴിയുക.
ഇടുക്കി മെഡിക്കൽ കോളജിൽ ഒരു പൊലീസ് സർജൻ മാത്രമാണുള്ളത്. അവശ്യ ഘട്ടത്തിൽ അന്വേഷിക്കുമ്പോഴെല്ലാം ഇദ്ദേഹം അവധിയിലാണെന്നാണ് ലഭിക്കുന്ന മറുപടി. ഇത്തരം ഘട്ടത്തിൽ അടിമാലിയിൽനിന്ന് 100 കിലോമീറ്റർ അകലെ കോട്ടയം മെഡിക്കൽ കോളജിൽ പോകേണ്ട അവസ്ഥയാണ്.
ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ പൊലീസ് സർജന്‍റെ ആവശ്യം ഉയരുന്നത്. ആശുപത്രി വികസന സമിതി ഇത് സംബന്ധിച്ച് ഒരു വർഷം മുമ്പ് ആരോഗ്യ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ഇതിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.തോട്ടം തൊഴിലാളികളും ആദിവാസികളും തിങ്ങിപ്പാർക്കുന്ന മേഖലയാണ് ദേവികുളം താലൂക്ക്. ഇത്തരക്കാരുടെ കുടുംബങ്ങളിൽ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾക്ക് ബന്ധുക്കൾ വലിയ തുക മുടക്കേണ്ടിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

