കാലികളാൽ നിറഞ്ഞ് മൂന്നാർ പട്ടണം: ഭീഷണിയിൽ സഞ്ചാരികൾ
text_fieldsമൂന്നാറിൽ അലഞ്ഞ് തിരിയുന്ന കാലി കൂട്ടം
അടിമാലി: വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ കാലികൾ വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ഭീഷണിയാകുന്നതായി പരാതി. കൂട്ടമായെത്തുന്ന കാലികൾ ഗതാഗത തടസം സൃഷ്ടിക്കുന്നതിന് പുറമേയാണ് നാട്ടുകാർക്കും ഭീഷണിയുയർത്തുന്നത്.
പഴയ മൂന്നാർ, ദേവികുളം റോഡ്, മൂന്നാർ സെൻട്രൽ ഭാഗം, മറയൂർ റോഡ്, ലഷ്മി റോഡ്, മാട്ടുപ്പെട്ടി റോഡ് തുടങ്ങി എല്ലാ റോഡുകളും കാലികൾ കൈയടക്കി വെച്ചിരിക്കുകയാണ്. ഇവ പരസ്പരം കുത്ത് കൂടുന്നതും ഭക്ഷണം തേടി അലയുന്നതും കാൽ നടയാത്രക്കാർക്കും ഭീഷണിയാണ്.
പലപ്പോഴും കാൽ നടയാത്രക്കാരെ ആക്രമിക്കാനായി പാഞ്ഞടുക്കുന്നതും കുറുകെ ചാടുന്നത് മൂലം ഇരുചക്രവാഹന യാത്രികർ അപകടത്തിൽപെടുന്നതും പതിവാണ്. പഞ്ചായത്തിന് കീഴിൽ ജീവനക്കാർ ഉണ്ടെങ്കിലും കാലികളെ നിയന്ത്രിക്കാൻ ഒരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. രാജ്യാന്തര ശ്രദ്ധ നേടിയ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ ഓരോ സീസണിലും നിരവധി സഞ്ചാരികളാണെത്തുന്നത്. എന്നാൽ, ഇവിടെ തെരുവുനായ്ക്കൾ ഉയർത്തുന്ന ഭീഷണിക്ക് പുറമെയാണ് ഇപ്പോൾ കാലിശല്യവും രൂക്ഷമായത്.
കഴിഞ്ഞദിവസം വിനോദ സഞ്ചാരികളടക്കം നിരവധി പേർക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞവർഷം തെരുവുനായ്ക്കളെ പഞ്ചായത്ത് കൊന്നൊടുക്കിയതായ പരാതിയിൽ സെക്രട്ടറി ഉൾപ്പെടെ ഉള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ശേഷം തെരുവുനായ് ശല്യത്തിനെതിരെ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിന് പുറമെയാണ് ഇപ്പോൾ പ്രദേശത്ത് കാലി ശല്യവും രൂക്ഷമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

