വനംവകുപ്പ് പിടികൂടിയത് 500ലധികം പാമ്പുകൾ; വേണം ജാഗ്രത
text_fieldsഅടിമാലി: സൈര്യ ജീവിതത്തിന് ഭീഷണിയെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 500ന് മുകളിൽ പാമ്പുകളെ ജില്ലയിൽ നിന്ന് പിടികൂടിയെന്നാണ് വനം വകുപ്പ് കണക്ക്. വേനൽ കനത്തതോടെ ജില്ലയിൽ പല ഭാഗങ്ങളിലും പാമ്പുകളുടെ ശല്യം വർധിച്ചു. കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഏഴ് രാജാവെമ്പാലകളെ പിടികൂടിയിരുന്നു. ഒരു സ്ഥലത്ത് ഏറ്റവും കൂടുതൽ രാജവെമ്പാലകളെത്തുകയും പിടി കൂടുകയും ചെയ്തത് ഇവിടെയാണ്.
കഴിഞ്ഞ ആഴ്ചയും ഇവിടെ രാജവെമ്പാലയെ കണ്ടതായി നാട്ടുകാർ പറയുന്നു . എന്നാൽ വിവരം ആരും നൽകിയില്ലെന്ന വിശദീകരണമാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. രാജവെമ്പാലക്ക് പുറമെ മൂർഖൻ , അണലി എന്നീ വിഷപ്പാമ്പുകളും ധാരാളമായിട്ടുണ്ട്. പുറമേ മലമ്പാമ്പുകളും ജില്ലയിൽ എമ്പാടുമുണ്ട്.
കടിയേൽക്കാതെ സൂക്ഷിക്കണം
പാട്ടും ആഘോഷവും നിറഞ്ഞ ഈ മഞ്ഞുകാലത്ത് ജാഗ്രത അത്യാവശ്യം. തണുപ്പുള്ള കാലാവസ്ഥ പാമ്പുകളെ സഞ്ചാരപ്രിയരാക്കും. അതിനാൽ കൂടുതൽ പേർക്ക് കടിയേൽക്കാം. നവംബർ മുതൽ ജനുവരി വരെ അവയുടെ പ്രജനന കാലമാണ്. വിഷാംശം കൂടും. മുട്ടയിട്ട് അടയിരിക്കുന്ന വേളയിൽ ഭീഷണി നേരിട്ടാൽ കടി ഉറപ്പ്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരുന്നതു ഫെബ്രുവരി- ഏപ്രിൽ മാസങ്ങളിലാണ്.
അതിനാൽ ഏപ്രിൽ വരെ പാമ്പുകളെ വീടിനരികിലും വഴിയിലുമൊക്കെ പ്രതീക്ഷിക്കാം. നടക്കുന്ന വഴികൾ വെട്ടിത്തെളിച്ചിടുക, രാത്രിയിൽ വെളിച്ചം ഉറപ്പാക്കുക. പാമ്പിനെ കണ്ടാൽ ഔദ്യോഗിക സ്നേക്ക് റെസ്ക്യുവർമാരുണ്ട്. ‘സർപ്പ’ ആപ് വഴിയോ വനം ഓഫിസുകളിലോ അറിയിച്ചാൽ അവർ സഹായത്തിനെത്തും. ഉഗ്രവിഷമുള്ള പാമ്പുകളാണെങ്കിൽ ദ്രുതപ്രതികരണ സേന (ആർ.ആർ.ടി) എത്തും. പിടിക്കുന്ന പാമ്പിനെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പിന്നീട് തുറന്നു വിടുമെന്ന് ഡി.എഫ്.ഒ ജോബ് നേര്യാപറമ്പിൽ പറഞ്ഞു. പാമ്പ് കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ എത്തണം. നാട്ടുചികിത്സകരെ തേടി പോകരുത്. പാമ്പ് കടിയേറ്റ ഭാഗം അനക്കരുത്. അവിടെ മുറുക്കിക്കെട്ടരുത്. തിരുമ്മിക്കഴുകുകയോ ഉഴിയുകയോ ചെയ്യരുതെന്നും ഡോക്ടർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

