കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ
text_fieldsഅടിമാലി: കുളിക്കാൻ പുഴയിലിറങ്ങിയ വിനോദ സഞ്ചാരിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി ആളൂർ അന്നത്തടം വിതയത്തിൽ ക്രാസിൻ തോമസിന്റെ (29) മൃതദേഹമാണ് കുറത്തിക്കുടി ആദിവാസി കോളനിക്ക് സമീപം ഉൾവനത്തിൽ പുഴയിൽ കണ്ടെത്തിയത്.
കൂന്ത്രപ്പുഴയിൽ ചുഴലിവാലൻ കുത്തിന് താഴ്ഭാഗത്ത് ആദിവാസികൾ നടത്തിയ തിരച്ചിലിലാണ് ക്രാസിന്റെ മൃതദേഹം കണ്ടെത്തിയത്. കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായ നിബിഢ വനപ്രദേശമാണിത്. ഇവിടെ ചെന്നെത്തുക തന്നെ പ്രയാസകരമാണ്. കുറത്തിക്കുടി ആദിവാസി സങ്കേതത്തിൽ നിന്ന് മൂന്നുമണിക്കൂറിലേറെ സഞ്ചരിക്കണം. വാർത്താ വിനിമയ സംവിധാനവുമില്ല.
മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റിൽ നിന്നും പൊലീസ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.
ജൂൺ 18ന് വൈകീട്ട് 3 മണിയോടെയാണ് ക്രാസിൻ തോമസ് മാങ്കുളം പഞ്ചായത്തിലെ ആനക്കുളം പുഴയിലെ കുത്തൊഴുക്കിൽ അകപ്പെട്ടത്. ഫയർ ഫോഴ്സിന്റെ സ്കൂബ ടീം ഉൾപ്പെടെ എത്തി തിരച്ചിൽ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. മേഖലയിൽ ശക്തമായ മഴ തുടരുന്നതും വനപ്രദേശമായതും തെരച്ചിലിന് തിരിച്ചടിയായിരുന്നു. മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലെത്തിച്ച് മേൽ നടപടി പൂർത്തിയാക്കുമെന്ന് മൂന്നാർ സി.ഐ പറഞ്ഞു.
റിയയാണ് ക്രാസിൻ തോമസിന്റെ ഭാര്യ. മക്കൾ: എസ്തർ, ഇവറോസ്