ആകാശച്ചിറകിലേറി കുറത്തിക്കുടിക്കാർ
text_fieldsകുറത്തിക്കുടിക്കാർ ബംഗളൂരുവിലേക്കുള്ള വിമാനയാത്രയിൽ
അടിമാലി: പഞ്ചായത്തിലെ കുറത്തിക്കുടി ഉന്നതിയിൽനിന്നുള്ള തദ്ദേശ ജനത ആദ്യ വിമാനയാത്ര നടത്തിയ ആവേശത്തിലാണ്. ആദ്യമായി വിമാനത്തിലും ട്രെയിനിലും മെട്രോയിലും യാത്ര ചെയ്തതിന്‍റെ ആഹ്ലാദമാണിവർക്ക്.
ഒമ്പതുകാരൻ ഹരികൃഷ്ണൻ മുതൽ 61 വയസ്സുകാരി ചീരാങ്കാൾപാട്ടിവരെ ഉൾപ്പെടുന്ന 35 അംഗ സംഘമാണ് കുടുംബശ്രീ ജില്ല മിഷൻ കുറത്തിക്കുടി പട്ടികവർഗ പ്രത്യേക പദ്ധതി പ്രകാരം ബംഗളൂരുവിലേക്ക് കന്നിയാത്ര നടത്തിയത്.
ചൊവ്വാഴ്ച പുലർച്ച അടിമാലിയിൽനിന്നും എ.സി. ബസിൽ യാത്ര ആരംഭിച്ച സംഘം രാവിലെ 5.30ന് നെടുമ്പാശ്ശേരിയിൽനിന്ന് വിമാനത്തിൽ ബംഗളൂരുവിന് യാത്ര തിരിച്ചു. എയർപോർട്ടിനുള്ളിലെ സുരക്ഷാ പരിശോധനയും മറ്റ് കാഴ്ചകളും എല്ലാം സംഘത്തിന് പുതുമയായിരുന്നു.
ബംഗളൂരുവിൽ എത്തിയ സംഘം ആദ്യം പോയത് സയൻസ് മ്യൂസിയം കാണുന്നതിനാണ്. തുടർന്ന് ലാൽബാഗ് ബോട്ടാണിക്കൽ ഗാർഡൻ, ഇസ്കൺ ടെമ്പിൾ, വിധാൻ സൗധ, മാർക്കറ്റ് എന്നിവിടങ്ങളൊക്കെ സന്ദർശിച്ച് മെട്രോയിലും കയറി രാത്രി ഒമ്പതോടെ തിരികെ എ.സി. ട്രെയിനിൽ ആലുവക്ക് തിരിച്ചു.
സി.ഡി.എസ് ചെയർപേഴ്സൻ ജിഷ സന്തോഷ്, മെംബർ സെക്രട്ടറി കെ.പി. കൃഷ്ണപിള്ള, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ ബിജു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

