കുത്തുങ്കല്‍ വെള്ളച്ചാട്ടം സജീവം
text_fieldsകുത്തുങ്കല്‍ വെള്ളച്ചാട്ടം
അടിമാലി: ജില്ലയിലെ ആദ്യ സ്വകാര്യ ജലവൈദ്യുതി പദ്ധതിയായ കുത്തുങ്കല്‍ അണക്കെട്ടിന് സമീപം വനമധ്യത്തില്‍ മനോഹരിയായി കുത്തുങ്കല്‍ വെള്ളച്ചാട്ടം. കുത്തുങ്കലിലെ ചെറിയ അണക്കെട്ട് കവിഞ്ഞൊഴുകുന്നതിനാല്‍ വെള്ളച്ചാട്ടം സജീവമായി.
ഇടുക്കിയുടെ അതിരപ്പിള്ളിയെന്നറിയപ്പെടുന്ന കുത്തുങ്കല്‍ വെള്ളച്ചാട്ടം മുമ്പ് മഴക്കാലത്ത് മാത്രമാണ് ജലസമൃദ്ധമായിരുന്നത്.
ഈ വര്‍ഷം അധികമഴ ലഭിച്ചതിനാല്‍ കാലവര്‍ഷം കഴിഞ്ഞും വെള്ളച്ചാട്ടം സജീവമാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ഇന്‍ഡസില്‍ കമ്പനി ജലൈവദ്യുതി പദ്ധതി ആരംഭിച്ചതോടെയാണ് കുത്തുങ്കലിലെ വെള്ളച്ചാട്ടം വിസ്മൃതിയിലായത്.
പദ്ധതിയുടെ ഭാഗമായി പന്നിയാര്‍ പുഴയില്‍ ചെറിയ അണക്കെട്ട് നിര്‍മിച്ചതിനുശേഷം വെള്ളച്ചാട്ടം ഏറെ ശോഷിച്ചിരുന്നു. പൊന്മുടി അണക്കെട്ടില്‍നിന്നു സ്പില്‍വേകളിലൂടെ വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുകുന്നുണ്ട്. മാസങ്ങളായി തുടരുന്ന മഴയും പന്നിയാര്‍ പുഴയെ ജലസമൃദ്ധമാക്കുന്നു. ഇതോടെയാണ് കുത്തുങ്കല്‍ പദ്ധതിയുടെ ഭാഗമായ ചെറിയ അണക്കെട്ട് നിറഞ്ഞൊഴുകാന്‍ തുടങ്ങിയത്.
അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളമൊഴുകി എത്തുന്നതിനാല്‍ കുത്തുങ്കല്‍ വെള്ളച്ചാട്ടം കൂടുതല്‍ മനോഹരമാണ്. പാറക്കെട്ടുകളിലൂടെ 30 മീറ്റര്‍ ഉയരത്തില്‍നിന്നാണ് വെള്ളം താഴേക്ക് വീഴുന്നത്.
രാജാക്കാടുനിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് സേനാപതി പഞ്ചായത്തിലുള്‍പ്പെടുന്ന കുത്തുങ്കൽ വെള്ളച്ചാട്ടവും അണക്കെട്ടും. കോയമ്പത്തൂര്‍ ആസ്ഥാനമായ ഇന്‍ഡസില്‍ കമ്പനിയാണ് കുത്തുങ്കലില്‍ വൈദ്യുതോല്പാദനം തുടങ്ങിയത്.
പന്നിയാര്‍ പുഴയില്‍ ചെറിയ അണക്കെട്ടും കുത്തുങ്കലില്‍ പവര്‍ഹൗസും സ്ഥാപിച്ചിട്ടുണ്ട്. 2001 ജൂണ്‍ ഒന്നിനാണ് പദ്ധതി കമീഷന് ചെയ്തത്. അണക്കെട്ടില്‍നിന്നുള്ള വെള്ളം മൂന്ന് മീറ്റര്‍ വ്യാസവും 871 മീറ്റര്‍ നീളവുമുള്ള തുരങ്കംവഴി പവര്‍ഹൗസിനു മുകളില്‍ എത്തിക്കുന്നു. തുടർന്ന് പെന്‍സ്റ്റോക് പൈപ്പ് വഴി വെള്ളം പവര്‍ഹൗസില്‍ എത്തിച്ച് ഏഴ് മെഗാവാട്ടിെൻറ മൂന്ന് ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിച്ച് 21 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

