ഒറ്റപ്പെടലിന്റെ തുരുത്തില് കള്ളക്കുട്ടി ആദിവാസി ഗ്രാമം
text_fieldsകള്ളക്കുട്ടി ആദിവാസി കോളനിയെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലം പുഴയില്‍ പതിച്ച നിലയില്‍
അടിമാലി: കടുത്ത വേനലില്‍ മഴപെയ്യണമെന്ന പ്രാർഥനയുമായി നാട് കേഴുമ്പോള്‍ മഴയെ ആശങ്കയോടെ കാണുന്ന ഒരു ആദിവാസി ഗ്രാമമുണ്ട്. മാങ്കുളം പഞ്ചായത്തിലെ കള്ളക്കുട്ടി ആദിവാസി സങ്കേതമാണത്. 2018 ജൂലൈയിലാണ് കോരിച്ചൊരിയുന്ന മഴയും ഉരുള്‍പൊട്ടലും ഈ ആദിവാസി കോളനിയെ തകിടം മറിച്ചത്. കോളനിയെ ജനവാസമേഖലയുമായി ബന്ധിപ്പിക്കുന്ന പാലം ഒഴുകിപ്പോയതോടെ ഇവിടം ഒറ്റപ്പെട്ടു.
പുതിയപാലം നിര്‍മിച്ച് നല്കാന് പലകുറി അധികൃതരെ കണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. മുളയും ഈറ്റയുംകൊണ്ട് സ്വന്തമായി നിർമിച്ച പാലവും ഫെബ്രുവരിയിൽ തകര്‍ന്ന് പുഴയില്‍ പതിച്ചതോടെ വെള്ളം വറ്റിയ പുഴയിലൂടെയാണ് ഇപ്പോള്‍ ഇവരുടെ യാത്ര. മഴ പെയ്താല്‍ കരിന്തിരി പുഴയില്‍ ഏതുനിമിഷവും വെള്ളം ഉയരും. അതോടെ തങ്ങള്‍ ഒറ്റപ്പെടുമെന്നാണ് ആദിവാസികള്‍ പറയുന്നത്.
മുതുവാന്‍ സമുദായത്തിൽപെട്ട 28 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അരിയുള്‍പ്പെടെ ആവശ്യവസ്തുക്കള്‍ കോളനിയില്‍ എത്തിക്കാനുള്ള ഒരേ ഒരു മാര്‍ഗം ഈ പാലമായിരുന്നു. വേനലില്‍ വെള്ളം വറ്റിയതിനാല്‍ ഇത്രനാളും പ്രശ്നമില്ലായിരുന്നു. എന്നാല്‍, വേനല്‍ മഴ തുടങ്ങിയതോടെ പുഴ സജീവമായി. ഇതോടെ തങ്ങള്‍ ഒറ്റപ്പെടുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.
2018, 2019 വര്‍ഷങ്ങളിലും കഴിഞ്ഞ വര്‍ഷവും മഴ കനത്ത നാശമാണ് ഇവിടെ വരുത്തിയത്. നിരവധി വീടുകളും ഹെക്ടര്‍ കണക്കിന് കൃഷിയും നശിച്ചു. ഓരോ കാലവര്‍ഷവും തങ്ങള്‍ക്ക് ദുരിതം മാത്രം നല്‍കിയാണ് കടന്നുപോകുന്നതെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്. കോളനിക്കാര്‍ പരസ്പര സഹകരണത്തോടെ താൽക്കാലികമായി പണിത കൂരകളിലാണ് താമസിക്കുന്നത്. പ്രളയശേഷം പുഴ മുറിച്ചുകടക്കാൻ ആദിവാസികള്‍ തന്നെ കമ്പിയും ഈറ്റയും ഉപയോഗിച്ച് രണ്ട് മരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് തൂക്കുപാലം നിര്‍മിച്ചിരുന്നു.
ഫെബ്രുവരിയിലാണ് ഇത് പൊട്ടി പുഴയില്‍ പതിച്ചത്. ഇനി പുതിയപാലം ഇല്ലാതെ ഇവര്‍ക്ക് പുറംനാട്ടിലെത്താന് കഴിയില്ല. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പുതിയ പാലം നിര്‍മിക്കാന്‍ 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നുണ്ടെങ്കിലും നടപടി തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

