അതിർത്തി ഗ്രാമങ്ങളിൽ വ്യാജമദ്യം വ്യാപകം
text_fieldsഅടിമാലി: അതിർത്തി ഗ്രാമങ്ങളിലും തോട്ടം മേഖലയിലും വ്യാജമദ്യം വ്യാപകം. വട്ടവട, കാന്തലൂർ, മറയൂർ, ചിന്നക്കനാൽ, ശാന്തൻപാറ, മാങ്കുളം പഞ്ചായത്ത് പരിധികളിലാണ് വ്യാജമദ്യ നിർമാണവും ചാരായവാറ്റും നടക്കുന്നത്.
ഓണം അടുത്തതോടെ ഇവ കൂടുതൽ സജീവമായി. കഴിഞ്ഞദിവസം അടിമാലി നാർകോട്ടിക് എൻേഫാഴ്സ്മെൻറ് സ്ക്വാഡ് മാങ്കുളത്തുനിന്ന് 60 ലിറ്റർ വാറ്റ് ചാരായമാണ് പിടികൂടിയത്.
ലോക്ഡൗൺ തുടങ്ങിയത് മുതൽ അതിർത്തി ഗ്രാമങ്ങളിൽ വാറ്റുകേന്ദ്രങ്ങൾ സജീവമാണ്. തോട്ടം തൊഴിലാളികളും ആദിവാസികളുമാണ് കൂടുതലും ഉപഭോക്താക്കൾ.
വന്യമൃഗശല്യം രൂക്ഷമായ അതിർത്തി ഗ്രാമങ്ങളിൽ സന്ധ്യയായാൽ ആളനക്കമില്ലാത്ത സാഹചര്യം മുതലാക്കിയാണ് വാറ്റ് കേന്ദ്രങ്ങൾ തകൃതിയായത്. പൊലീസും എക്സൈസും പലതവണ വാറ്റുകേന്ദ്രങ്ങൾ കണ്ടെത്തി വാഷും മറ്റുപകരണങ്ങളും നശിപ്പിച്ചെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല.
വാറ്റു കേന്ദ്രങ്ങളിൽനിന്ന് കുപ്പികളിൽ വാങ്ങി വീടുകളിലെത്തിച്ച് കച്ചവടം നടത്തുന്നതും വ്യാപകമാണ്. ഏറ്റവും കൂടുതൽ വാറ്റ് നടക്കുന്ന മാങ്കുളത്ത് ഒരു മാസത്തിനിടെ എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, പ്രതികളെ പിടികൂടാനായില്ല.