ദേശീയപാത നിർമാണ നിരോധനം; തുടർസമരം പ്രഖ്യാപിച്ച് ഹൈവേ സംരക്ഷണ സമിതി
text_fieldsഅടിമാലി: ദേശീയ പാതയിലെ നിർമാണ നിരോധനത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ദേശീയ പാത സംരക്ഷണ സമിതി. നേര്യമംഗലം മുതൽ വാളറവരെ ദേശീയ പാതയുടെ നിർമാണം സ്തംഭിച്ചിട്ട് ആറുമാസം പിന്നിടുന്നു.
ഈ ഭാഗം വനമാണെന്ന് സർക്കാർ തെറ്റായ സത്യവാങ്മൂലം നൽകിയതിന്റെ ഫലമായി കഴിഞ്ഞ ജൂലൈ 11നാണ് ഹൈകോടതി റോഡ് നിർമാണം തടഞ്ഞത്. തുടർന്ന് ജനകീയ പ്രക്ഷോഭത്തിന് ശേഷമാണ് പൊതുമരാമത്തിന്റെ കൈവശമുള്ള റവന്യൂ ഭൂമിയാണെന്ന് സത്യവാങ്മൂലം തിരുത്തി നൽകാൻ അഡ്വക്കേറ്റ് ജനറൽ മുഖേന സർക്കാർ തയാറായത്.
ഒക്ടോബർ 24ന് റോഡ് നിർമാണം തുടരുന്നതിന് ആവശ്യമായ ഉത്തരവ് കൊടുക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവായി. എല്ലാ സർക്കാർ രേഖകളും കൈവശമുണ്ടായിട്ടും അതനുസരിച്ചുള്ള സത്യവാങ്മൂലം ഹൈകോടതിയിൽ സമർപ്പിച്ചിട്ടും സർക്കാർ സമീപനം മൂലം റോഡിലെ അനിശ്ചിതാവസ്ഥ വീണ്ടും മൂന്നുമാസം കൂടി പിന്നിടുകയാണ്. ഇതിനിടെ തഹസിൽദാർമാർ ഉൾപ്പെടെയുള്ള മൂന്നു പേരടങ്ങുന്ന സംഘം രേഖകൾ പരിശോധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പരിശോധിച്ച് റവന്യൂ സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു. റവന്യൂ സെക്രട്ടറിയുടെ പരിശോധനക്കുശേഷം ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ട് കുറിപ്പെഴുതി മടക്കുകയാണ് ചെയ്തതെന്ന് ഹൈവേ സംരക്ഷണ സമിതി ഭാരവാഹികൾ പറയുന്നു. കഴിഞ്ഞ എട്ടിന് ദേശീയപാത സംരക്ഷണ സമിതിയുടെ യോഗത്തിൽ 10 ദിവസത്തിനകം തീരുമാനം ഉണ്ടാക്കാം എന്ന ഉറപ്പ് ജനപ്രതിനിധികൾ നൽകിയിരുന്നു.
ഇത് നടപ്പാകാതെ വന്നതോടെയാണ് തുടർസമരം പ്രഖ്യാപിച്ചത്. ഹർത്താലുകൾ, വഴിതടയൽ സമരം, നാല് പഞ്ചായത്തുകളിൽ എല്ലാ ദിവസവും മുടങ്ങാതെയുള്ള രാപ്പകൽ സമരം എന്നിവ വീണ്ടും തുടങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 28ന് ദേവികുളം ഇടുക്കി താലൂക്കുകളിലെ പഞ്ചായത്ത് പ്രസിഡൻറുമാരുടെയും ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും യോഗം ആനച്ചാലിൽ ചേരുമെന്ന് ചെയർമാൻ പി.എം. ബേബി, ജനറൽ കൺവീനർ റസാഖ് ചൂരവേലി, കെ.കെ. രാജൻ ഡയസ് പുല്ലൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

