നെല്ലിന് രോഗബാധ കർഷകർ പ്രതിസന്ധിയിൽ
text_fieldsമുട്ടുകാട് പാട ശേഖരം
അടിമാലി: നെൽച്ചെടികൾക്കുണ്ടായ രോഗബാധ കർഷകരെ വലക്കുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളി പാടശേഖരത്തിലും ചിന്നക്കനാൽ, ബൈസൺവാലി പഞ്ചായത്തുകളിലായുള്ള മുട്ടുകാട് പാടശേഖരത്തിലുമാണ് ബാക്ടീരിയൽ ലീഫ് ബ്ലൈറ്റ് എന്നറിയപ്പെടുന്ന വാട്ട രോഗം കൂടുതൽ ബാധിച്ചത്.
ജില്ലയിലെ മറ്റു പാടശേഖരങ്ങളിലും രോഗബാധയുണ്ട്. വിളവെടുപ്പിന് മുമ്പാണ് രോഗം ബാധിച്ചത്. ഈ രോഗത്തിന് കോപ്പർ ഓക്സിക്ലോറൈഡ് ചേർന്ന ആന്റിബയോട്ടിക് മരുന്നുകൾ തളിക്കുന്നത് ഉചിതമാണ്. എന്നാൽ, ചെടികളിൽ കതിരിട്ട ശേഷമുള്ള മരുന്ന് പ്രയോഗം കൊണ്ട് കാര്യമായ പ്രയോജനമില്ല. അതുകൊണ്ടു നെൽക്കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. മക്കുവള്ളിയിൽ 15 ഏക്കറോളം സ്ഥലത്തെ കൃഷിയാണ് നശിച്ചതെങ്കിൽ മുട്ടുകാട് പാടശേഖരത്തിലെ 100 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും വളപ്രയോഗം സമയബന്ധിതമായി പൂർത്തിയാക്കാത്തതും രോഗവ്യാപനത്തിന് കാരണമായി.
കൃഷി വകുപ്പ് ഉദ്യോഗസ്ഥർ രോഗബാധയുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് സാംപിളുകൾ ശേഖരിച്ചിരുന്നു. ഇത് കാർഷിക സർവകലാശാലയിലേക്ക് അയച്ചിട്ടുണ്ട്. കൃഷി നാശമുണ്ടായ കർഷകർക്ക് പ്രകൃതിക്ഷോഭം മൂലമുള്ള കൃഷി നാശത്തിലുൾപ്പെടുത്തി നഷ്ടപരിഹാരം നൽകിയേക്കും. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ അനുസരിച്ചുള്ള തുക നഷ്ടപരിഹാരമായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

