ഹോട്ടല്‍ വില തോന്നിയ പോലെ; ഭക്ഷണവിലയിൽ ഏകീകരണം വേണമെന്ന് ആവശ്യം ശക്തം
text_fieldsഅടിമാലി: ഹോട്ടലുകളില്‍ ഭക്ഷണത്തിന് തോന്നിയ വില ഇടാക്കുന്നതായി പരാതി. വില ഏകീകരണമില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ നട്ടംതിരിയുകയാണ്. ഇത് പരിശോധിക്കേണ്ട ജില്ല ഭരണകൂടം തങ്ങളുടെ കര്‍ത്തവ്യം മറന്നമട്ടുമാണ്. ജില്ലയിലെ പല ടൗണുകളിലും പല വിലക്കാണ് ഹോട്ടലുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനയുടെ മറവിലാണ് ചായ ഉൾപ്പടെ വില വര്‍ധിപ്പിക്കുന്നത്.
അടിമാലിയിലെ പല ഹോട്ടലുകളിലും ചായക്ക് 12 രൂപ ഈടാക്കുമ്പോള്‍ ജില്ലയിലെ ചില പ്രദേശങ്ങളിലും ടൂറിസ്റ്റ് ഹോമുകളിലും വന്‍കിട ഹോട്ടലുകളിലും15 മുതല്‍ 25 രൂപ വരെ ഈടാക്കുന്നുണ്ട്. പാല് ഒഴിക്കാത്ത ചായക്കും പാല് ഒഴിച്ച ചായക്കും ഒരേ വില ഈടാക്കുന്ന ഹോട്ടലുകളും ജില്ലയിലുണ്ട്. തങ്ങളുടെ വില ഇതാണെന്നും വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്ന നിലപാടാണ് പല ഹോട്ടല്‍ ഉടമകൾക്കും. സീസണ് അനുസരിച്ചാണ് വില നിര്‍ണയിക്കുന്നത്. വിനോദ സഞ്ചാരികളുടെ തിരക്കുളളപ്പോള്‍ വില കൂടുന്നു. മത്സ്യം-മാംസം എന്നിവയുടെ വില ഏകീകരണം ഇല്ലാത്തത് ഇത്തരം വിഭവങ്ങള്‍ക്കും തോന്നിയ വിലയാണ് ഈടാക്കുന്നത്.
വഴിയോരങ്ങളിലും മറ്റും എട്ട് രൂപ പലഹാരങ്ങള്‍ ധാരാളമായി വിൽപന നടത്തുന്നുണ്ടെങ്കിലും ഇതിന്റെ ഗുണ നിലവാരമോ ശുചിത്വമോ പരിശോധിക്കാന്‍ ആരുമില്ല. പരിപ്പു വട, ദോശ, പൊറോട്ട എന്നിവക്കും പല വിലയാണ്. ഊണിന്റെ വിലയും തോന്നിയ പോലെയാണ്. മുട്ടക്കറി, കടക്കലക്കറി എന്നിവക്ക് അടിമാലി പട്ടണത്തിലെ ഹോട്ടലുകളില്‍ വ്യത്യസ്ഥമായ വിലയാണ്.
ഊണിന്റെ വില 80 ഉം കടന്ന് മുന്നേറുന്നു. ചില ഹോട്ടലുകളിലാണെങ്കില്‍ സ്പെഷല്‍ ഇല്ലെങ്കില്‍ ഊണ് തന്നെ നല്‍കില്ല. ഊണിനും അതോടൊപ്പമുളള മീന്‍ കറിയുമടക്കം 200 രൂപവരെ ഈടാക്കുകയും ചെയ്യും. കോഴിക്കറി, മീന്‍കറി, ഇറച്ചിക്കറി എന്നിവക്കും വില തോന്നിയതുപോലെയാണ്. സാധാരണക്കാർ ആശ്രയിക്കുന്ന തട്ടുകടകളിലും കൊള്ളവിലയാണ് ഈടാക്കുത്. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീകളും മറ്റും തുടങ്ങിയ ന്യായവില ഹോട്ടലുകളില്‍ ഭൂരിഭാഗവും അപ്രത്യക്ഷമായി. ഇവ ഉണ്ടായിരുന്നപ്പോള്‍ വില നിയന്ത്രണം ഉണ്ടായിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ കൃത്യമായി സബ്സിഡി നല്‍കാത്തതാണ് ഇവ പ്രതിസന്ധിയിലാകാന്‍ കാരണം. അതുപോലെ ഭക്ഷണ പദാർഥങ്ങളിൽ കൃത്രിമ നിറങ്ങളും മറ്റും ഉപയോഗിക്കുന്നതും വ്യാപകമാണ്. പല ഹോട്ടലുകളുടെയും പുറംമോടി മികച്ചതാണെങ്കിലും പാചകപുരയടക്കം ശോചനീയമാണ്. പൊതുജനാരോഗ്യ വിഭാഗം പരിശോധനകള്‍ നടത്തുന്നില്ല എന്നും പരാതിയുണ്ട്.
സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ ചെറുകിട ഇടത്തരം ഹോട്ടലുകളിലൊന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്ലാതെയാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.10 ന് മുകളില്‍ ജീവനക്കാരുളള വന്‍കിട ഹോട്ടലുകളില്‍ പേരിന് ഒന്നോ രണ്ടോ ജീവനക്കാര്‍ക്ക് മാത്രമാണ് സര്‍ട്ടിഫിക്കറ്റുള്ളത്.
മാലിന്യ സംസ്കരണ പ്ലാന്റിനെ വെല്ലുന്ന അടുക്കളകളുള്ള ഹോട്ടലുകളും ഇവിടെയുണ്ട്. ഭക്ഷ്യോപദേശക സമിതി യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. അതുകൊണ്ടുതന്നെ കടക്കാര്‍ക്കും ഹോട്ടലുകാര്‍ക്കും സ്വന്തം വില ഉപഭോക്താക്കള്‍ക്ക് അടിച്ചേല്‍പ്പിക്കാന്‍ എളുപ്പമാണ്. ഭക്ഷണ സാധനങ്ങളുടെ വില ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് പലതവണ നിർദേശം നൽകിയെങ്കിലും പലയിടത്തും നടപ്പാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

