അമ്മക്ക് കണ്ണീരോടെ വിട നൽകി മകൾ
text_fieldsമകൾ രക്ഷിണ അമ്മയുടെ മൃതദേഹം കാണാൻ എത്തിയപ്പോൾ
അടിമാലി: നെഞ്ചുലയുന്ന വേദനയോടെ, വിറയാർന്ന കൈകളോടെ രക്ഷിണ അമ്മയുടെ ചിതക്ക് തീ കൊളുത്തിയപ്പോൾ കണ്ടു നിന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞു. പലർക്കും ഈ രംഗം കണ്ട് നിൽക്കാനായില്ല. ചിലർ അലമുറയിട്ട് കരഞ്ഞു. ചിന്നക്കനാലിൽ തിങ്കളാഴ്ച രാവിലെ മക്കളെ സ്കൂൾ ബസിൽ കയറ്റി വിടാൻ പോകുമ്പോൾ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സിങ്കുകണ്ടം അങ്കണവാടിത്തെരുവ് സ്വദേശി മാരിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് സൂര്യനെല്ലിയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചത്.
കാട്ടാന ആക്രമിച്ച് വീഴ്ത്തിയ സ്ഥലത്തിനു സമീപത്തായി തന്നെയായിരുന്നു പൊതുദർശനം. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് മകൻ രക്ഷിൻ (11) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ആരംഭിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മാരിയുടെ മൃതദേഹം സുര്യനെല്ലിയിൽ എത്തിച്ചത്. പത്ത് മിനിറ്റ് പൊതുദർശനത്തിനു ശേഷം സംസ്കരിച്ചു. എം.എൽ.എമാരായ സേനാപതി വേണു, എഫ്. രാജ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ സാബു, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

