സി.പി.ഐ പ്രവര്‍ത്തകന്‍റെ വീടിനുനേരെ സി.പി.എമ്മുകാരുടെ കല്ലേറ്
text_fieldsഅടിമാലി: സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം സി.പി.ഐ പ്രവര്‍ത്തകന്‍റെ വീട് ആക്രമിച്ചതായി പരാതി. ചിന്നക്കനാല്‍ വേണാട്ടിൽ ഞായറാഴ്ച രാത്രിയിലെത്തിയ സംഘമാണ് വേണാട് പവിഴത്തില്‍ ശരണിന്‍റെ വീടിനുനേരെ ആക്രമണം നടത്തിയത്.
തുടരെയുള്ള കല്ലേറില്‍ പുറത്തിറങ്ങാന്‍ കഴിയാതെ വീടിനുള്ളില്‍ കുടുങ്ങിയ കുടുംബത്തെ ശാന്തമ്പാറ പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയത്.
രാത്രി പത്തുമണിയോടെ മുരുകനെന്ന് വിളിക്കുന്ന ബാലുവിന്‍റെ നേതൃത്വത്തിലുള്ള ആറംഗസംഘം എത്തി വീടിനുനേരെ അക്രമണം നടത്തുകയായിരുന്നത്രെ. ജനല്‍ച്ചില്ലുകളും വാതിലുകളും തകര്‍ന്നു. കതക് തകര്‍ന്ന് ഉള്ളിലേക്ക് തെറിച്ച കല്ലുകള്‍കൊണ്ട് ശരണിനും 68കാരനായ പിതാവിനും പരിക്കേറ്റു.
കൊച്ചുകുട്ടിയുമായി ശരണിന്‍റെ ഭാര്യ അടുക്കളയിലെ സ്ലാബിനടിയില്‍ ഒളിച്ചാണ് പരുക്കകളില്ലാതെ രക്ഷപ്പെട്ടത്. ശരണിന്‍റെ പരാതിയില്‍ ശാന്തമ്പാറ പൊലീസ് കേസെടുത്തു.