കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവാക്കൾക്ക് ചികിത്സ നിഷേധിച്ചതായി പരാതി
text_fieldsകാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി യുവാക്കൾ കുടിയിലേക്ക് വാഹനത്തിൽ മടങ്ങുന്നു
അടിമാലി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവാക്കളുടെ ചികിത്സ മുടക്കി വനപാലകർ ആശുപത്രിയിൽനിന്ന് മടക്കി അയച്ചതായി പരാതി. ആനക്കുളം മാങ്ങാപ്പാറ ആദിവാസി കോളനിയിലെ മോഹനൻ മംഗലസ്വാമി (27), രാമു ആലൻപിള്ള ( 30 ) എന്നിവർക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി അനക്കുളം സ്കൂളിലെ വാർഷിക പരിപാടികളിൽ പങ്കെടുത്ത് ബൈക്കിൽ മടങ്ങിയ ഇവരെ കുടിക്ക് സമീപത്തുനിന്ന കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ചു യുവാക്കൾ ഓടി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ യുവാക്കൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ആശുപത്രിയിൽ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ മതിയായ ചികിത്സ ലഭിക്കുന്നതിന് മുമ്പ് യുവാക്കളെ തിരിച്ചയച്ചതായാണ് പരാതി. വാർത്തകൾ പ്രചരിക്കാതിരിക്കാനാണ് വനം വകുപ്പ് ഈ നടപടി സ്വീകരിച്ചതെന്നാണ് ആക്ഷേപം.