കുടിവെള്ളം തടസ്സപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് തോട്ടം നനക്കുന്നതായി പരാതി
text_fieldsഅടിമാലി: മതികെട്ടാൻ ചോലയിൽനിന്ന് 100 വർഷമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കുടിവെള്ളം തടസ്സപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് തോട്ടം നനക്കുന്നെന്ന പരാതിയുമായി ഹാരിസൺസ് മലയാളം പ്ലാന്റേഷൻ തൊഴിലാളികളും കോൺഗ്രസ് മണ്ഡലം ഭാരവാഹികളും രംഗത്ത്. ശാന്തമ്പാറ പഞ്ചായത്തിലെ 2, 3 വാർഡുകളായ തോണ്ടിമല, പന്നിയാർ കോരമ്പാറ വാർഡുകളിൽ താമസിക്കുന്ന തൊഴിലാളികൾ അടക്കമുള്ളവരുടെ കുടിവെള്ളം മുടക്കിയാണ് ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടം നനക്കുന്നതെന്നാണ് ഇവരുടെ പരാതി.
കുടിവെള്ള സ്രോതസ്സിൽനിന്ന് പൈപ്പ് വഴിയാണ് എച്ച്.എം.എൽ തൊഴിലാളി ലയങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്. എന്നാൽ, 6 വർഷം മുമ്പ് തോട്ടം വാങ്ങിയ ശേഷമാണ് തൊഴിലാളികളുടെ കുടിവെള്ളം തടസ്സപ്പെടുത്തി പൈപ്പിൽ വിള്ളലുണ്ടാക്കി വെള്ളം തോട്ടം നനക്കാനായി ഉപയോഗിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. തൊഴിലാളികൾക്ക് കുടിവെള്ളം നൽകാൻ ബാധ്യതയുള്ള കമ്പനി ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് പഞ്ചായത്തിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. തുടർന്ന് ദേവികുളം ആർ.ഡി.ഒക്ക് പരാതി നൽകി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തൊഴിലാളികളുടെ കുടിവെള്ളം മുട്ടിച്ച് തോട്ടം നനക്കുന്നതിനെതിരെ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു വട്ടമറ്റം, വൈസ് പ്രസിഡന്റ് സുരേഷ് ആശാരിപറമ്പിൽ, ജില്ല കമ്മിറ്റി അംഗം എസ്. വനരാജ്, വാർഡ് മെംബർ എ. വേൽമുരുകൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് അറിയിച്ചു. പട്ടയ ഭൂമിയിലുള്ള നീരുറവയിൽനിന്നാണ് കൃഷി ആവശ്യത്തിന് വെള്ളമെടുക്കുന്നത്. മറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

