ചിത്തിരപുരത്ത് താലൂക്ക് ആശുപത്രി ഉയരില്ല
text_fieldsഅടിമാലി: ചിത്തിരപുരം സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തുന്ന നടപടിക്ക് സർക്കാർവക പാര. ആശുപത്രിയുടെ ഭൂമി വലിയ നിർമാണപ്രവർത്തനത്തിന് യോഗ്യമല്ലെന്നും മറ്റൊരിടത്ത് സ്ഥലം കണ്ടെത്തിനൽകണമെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അടിമാലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചു.
ജൂൺ 22ലെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത് കഴിഞ്ഞ ദിവസമാണ് അടിമാലി ബ്ലോക്ക് പഞ്ചായത്തിൽ ലഭിക്കുന്നത്. ഇതോടെ 55 കോടിയുടെ വികസനം നഷ്ടമാകും.
2018ൽ ദേവികുളം മണ്ഡലത്തിൽ അനുവദിച്ച ഈ തുക കിഫ്ബിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പണി ഉടൻ തുടങ്ങുമെന്നും എസ്. രാജേന്ദ്രൻ എം.എൽ.എയാണ് അറിയിച്ചത്. ചിത്തിരപുരം സി.എച്ച്.സിക്ക് സമീപത്തായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആശുപത്രി നിര്‍മിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. 300 കിടക്കകളോട് കൂടിയ എല്ലാ വിഭാഗത്തിലുമുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും വ്യക്തമാക്കി. 55 കോടിയാണ് പുതിയ ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായി വകയിരുത്തിയത്. ഇതില്‍ 35 കോടി നിര്‍മാണ ജോലികള്‍ക്കും ശേഷിക്കുന്ന തുക ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്‍പ്പെടെ ചെലവഴിക്കാനുമായിരുന്നു പദ്ധതി. 13 ഏക്കർ സ്ഥലമാണ് ചിത്തിരപുരം കമ്യൂണിറ്റി സെൻററിനുള്ളത്.
ചെന്നൈ ആസ്ഥാനമായ കമ്പനി സോയിൽ ടെസ്റ്റും കെട്ടിടത്തിെൻറ പ്ലാനും എസ്റ്റിമേറ്റും പൂർത്തിയാക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. ദേവികുളം ഉടുമ്പന്‍ചോല താലൂക്കുകളിലെ ആളുകള്‍ ആശ്രയിച്ചുവരുന്ന അടിമാലി താലൂക്ക് ആശുപത്രിയെക്കാള്‍ മെച്ചപ്പെട്ട സൗകര്യം പുതിയ ആശുപത്രിയില്‍ പണികഴിയുമ്പോള്‍ ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. ആദിവാസി വിഭാഗങ്ങളുടെയും തോട്ടം തൊഴിലാളികളുടെയും ആരോഗ്യമേഖല കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ ആശുപത്രിക്ക് അനുമതി നല്‍കിയത്.
മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ഇടമലക്കുടി തുടങ്ങിയ മേഖലകളിലെ ആളുകള്‍ക്ക് പുതിയ ആശുപത്രി ഏറെ പ്രയോജനമായിരുന്നു. ഇവിടെ അനുവദിച്ച അമ്മയും കുഞ്ഞും ജില്ല ആശുപത്രി അടിമാലിയിലേക്ക് മാറ്റിയ പശ്ചാത്തലത്തിലാണ് സൂപ്പർ സ്പെഷൽ ആശുപത്രി ഇവിടെ അനുവദിച്ചത്. പാരിസ്ഥിതിക ലോല പ്രദേശമെന്ന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് തടസ്സവാദം. എന്നാൽ, ആശുപത്രിയോട് ചേർന്നുതന്നെ സ്വകാര്യ വ്യക്തികളുടെ നിരവധിയായ ബഹുനില റിസോർട്ടുകളും വലിയ കെട്ടിടങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

