കുറത്തികുടിയിലേക്ക് തുടങ്ങിയ ബസ് സർവീസ് തടഞ്ഞു; വനപാലകർക്കെതിരെ ആദിവാസികൾ
text_fieldsപെരുമ്പൻകുത്ത് ഫോറസ്റ്റ് ഔട്ട് പോസ്റ്റ് ഉപരോധിച്ച് ആദിവാസികൾ നടത്തുന്ന സമരം
അടിമാലി: അവികസിത ആദിവാസി സങ്കേതമായ കുറത്തികുടി ഉന്നതിയിലേക്ക് തുടങ്ങിയ സ്വകാര്യ ബസ് സർവീസ് വനം വകുപ്പ് തടഞ്ഞു. വിവരമറിഞ്ഞെത്തിയ ആദിവാസികൾ ഫോറസ്റ്റ് ഔട്ട് പോസ്റ്റിൽ എത്തി വനപാലകരെ തടഞ്ഞു വെച്ച് പ്രതിഷേധിച്ചു. ശനിയാഴ്ചയാണ് മാങ്കുളത്ത് നിന്ന് കുറത്തികുടി ആദിവാസി ഉന്നതിയിലേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചത്. എന്നാൽ ബസ് ഉടമയോട് ബസ് സർവീസ് നടത്തിയാൽ ബസ് കസ്റ്റഡിയിൽ എടുക്കുമെന്ന് വനംവകുപ്പ് പറഞ്ഞു.
ഇതോടെ സർവീസ് നടത്താതെ ബസ് പിൻവാങ്ങി. ഇതറിഞ്ഞ കുറത്തി കുടി ഉന്നതിയിലെ ആദിവാസികൾ പെരുമ്പൻകുത്തിലെ ഫോറസ്റ്റ് ഔട്ട് പോസ്റ്റിൽ എത്തുകയും ജീവനക്കാരെ ഓഫിസിൽ തടഞ്ഞ് വെച്ച് സമരം നടത്തുകയുമായിവുന്നു. മൂന്നാറിൽ നിന്നു പൊലീസ് സംഘം സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
പെർമിറ്റ് ഇല്ലാതെ സർവീസ് തുടങ്ങിയതാണ് വിലക്കാൻ കാരണമെന്ന് അടിമാലി റേഞ്ച് ഓഫിസർ പറഞ്ഞു. നാല് കിലോമീറ്റർ ദുരമാണ് വനത്തിലൂടെ കുറത്തി കുടിയിലേക്ക് ഉള്ളത്. അടിമാലി പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ടതാണ് അവികസിത ആദിവാസി ഉന്നതിയായ കുറത്തികുടി. ആദ്യമായി എത്തുന്ന ബസിനെ ആഘോഷ പൂർവ്വം വരവേൽക്കാൻ എല്ലാവരും ഒരുങ്ങി നിൽക്കെയാണ് സംഭവം.
കുറത്തികുടിയിൽ വൈദ്യുതി നിലയം വരുന്നതിൻ്റെ ഭാഗമായിട്ടാണ് റോഡ് ഉണ്ടായത്. മാമലകണ്ടം-അവറുകുട്ടി-കുറത്തികുടി-ആനക്കുളം രാജപാത തുറക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് പഞ്ചായത്ത് നിവാസികൾ ശക്തമായ സമരം തുടരുന്നതിനിടെയാണ് ആദിവാസി സങ്കേതത്തിലേക്കുള്ള ബസ് സർവീസ് വനംവകുപ്പ് തടഞ്ഞത്. ഇത് സമരം കൂടുതൽ ശക്തമാകാനും കാരണമായിട്ടുണ്ട്. ദേവികുളം സബ് കലക്ടർ സ്ഥലത്തെത്തി ഉറപ്പ് നൽകിയാലെ സമരം പിൻവലിക്കൂവെന്ന നിലപാടിലാണ് സമരക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

