രോഗിയുമായി പോയ ആംബുലൻസ് ലോറിക്ക് പിന്നിലിടിച്ചു; നഴ്സിന് പരിക്ക്
text_fieldsഅടിമാലി: അബദ്ധത്തിൽ ഗുളിക കഴിച്ച കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം. നഴ്സിന് പരിക്ക്. ആംബുലൻസിന്റെ മുൻഭാഗം തകർന്നു. രാജാക്കാട് സ്വദേശിനിയും നഴ്സുമായ അൽഫോൺസക്കാണ് ( 23) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11 ന് ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം . അബദ്ധത്തിൽ ഗുളിക കഴിച്ച രണ്ടു വയസ്സുള്ള പെൺകുട്ടിയുമായി എറണാകുളത്ത് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ചീയപ്പാറയിൽ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിനെ ഇടിക്കാതെ വെട്ടിച്ച് മാറ്റിയതോടെ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. നഴ്സിന് നിസ്സാരമായ പരിക്കാണുള്ളത്. ആംബുലൻസിലെ മറ്റാർക്കും പരിക്കില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നു പോകുന്ന ഈ പാത വേഗത്തിൽ വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രത്യക്ഷ സമരത്തിലാണ്. ചീയപ്പാറയിൽ ഉണ്ടായ വൻ തിരക്കും ഗതാഗത കുരുക്കും അത്യാവശ്യ രോഗികളെ കൊണ്ടു പോകുന്നതിന് തടസ്സമായിട്ടുണ്ട് . ഇവിടെ പൊലീസ് സേവനം അടിയന്തിര ആവശ്യമാണെന്ന് ഹൈവെ ജാഗ്രത സമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

