ഞങ്ങളുടെ ജീവന് വിലയില്ലേ?
text_fieldsഅടിമാലി: മൂന്ന് താലൂക്കുകളിലെ 20 ലേറെ പഞ്ചായത്തുകളുടെ ഏക ആശ്രയമാണ് അടിമാലി താലൂക്കാശുപത്രി. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിക്കുകയാണ്. 150 ഓളം കിടപ്പുരോഗികളും 2000 ലേറെ രോഗികള്‍ ചികിത്സ തേടിയും എത്തുന്ന ഈ ആശുപത്രിയില്‍ സ്ഥിരം നഴ്സുമാര്‍ 14 പേര് മാത്രമാണ്.
ക്ലീനിങ് സ്റ്റാഫുകളുടെയും കുറവുണ്ട്. എന്‍.എച്ച്.എം, എച്ച്.എം.സി എന്നിങ്ങനെ താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് ദിവസവും കാര്യങ്ങള്‍ തളളി നീക്കുന്നത്. ഈ സാഹചര്യത്തില്‍ സ്ഥിരം ജീവനക്കാരെ കൂടുതല്‍ അനുവദിക്കണമെന്നാണ് ആവശ്യം. 1980 പാറ്റേണ്‍ അനുസരിച്ചാണ് ഇവിടെ ജീവനക്കാരുളളത്. അന്ന് 66 കിടക്കകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ കൂടുതല്‍ രോഗികളും സൗകര്യങ്ങളും എത്തിയിട്ടും ജീവനക്കാരുടെ തസ്തികകളില്‍ മാറ്റം വരുത്തിയിട്ടില്ല.
ഇടുങ്ങിയ മുറികളില്‍ ഒ.പി ബ്ലോക്ക്
താലൂക്കാശുപത്രിയില്‍ എറ്റവും പ്രയാസം നേരിടുന്ന സ്ഥലമാണ് ഒ.പി ബ്ലോക്ക്. ഡോക്ടർമാര്‍ ഇരിക്കുന്ന മുറികള്‍ ഇടുങ്ങിയതാണ്. രോഗികള്‍ക്ക് നില്‍ക്കാനും കാര്യമായ സൗകര്യമില്ല. ഈ ബ്ലോക്ക് പൊളിച്ച് ഒരുഭാഗത്ത് മാത്രം ഡോക്ടർമാരുടെ മുറികള്‍ പണിത് പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. കണ്ണ് സംബന്ധമായ വിഭാഗം കാത്ത് ലാബ് കെട്ടിടത്തിലേക്കും മാറ്റാന്‍ സാധിക്കും. അങ്ങനെ ചെയ്താൽ ഒ.പി വിഭാഗത്തിന് കൂടുതല്‍ സൗകര്യം ഉണ്ടാകും.
അതുപോലെ ഒ.പിയില്‍ കൃത്യമായി ഡോക്ടർമാരില്ല. ചില ഡോക്ടർമാര്‍ക്ക് ഒ.പിയും ഇല്ല. ഇത്തരം പ്രശ്നങ്ങള്‍ക്കും പരിഹാരമില്ല. ഉച്ചക്ക് ഒരു മണി വരെയാണ് ഒ.പി ഉളളത്. പിന്നീട് രോഗികള്‍ അത്യാഹിത വിഭാഗത്തിലേക്ക് കൂട്ടമായി എത്തുന്നു. ഇതോടെ രോഗികള്‍ക്കടക്കം ദുരിതമാണ്. ഈ പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം.
അത്യാഹിത വിഭാഗത്തിനും രക്ഷയില്ല
ഹൃദയ സംബന്ധമായോ ഗുരുതര അപകടങ്ങളോ സംഭവിച്ച് അത്യാഹിത വിഭാഗത്തിലെത്തുന്നവർക്കും പ്രതീക്ഷക്ക് വകയില്ല. രോഗികളുമായി ശരാശരി 25 തവണയെങ്കിലും ആംബുലന്‍സുകള്‍ ദിവസവും ഓടുന്നതായാണ് കണക്ക്. റോഡിന്റെ മോശം സ്ഥിതിമൂലം ആംബുലന്‍സുകള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. ആശുപത്രിയിൽ നിന്ന് 80 മുതല്‍ 120 കിലോമീറ്റര്‍ ദൂരം രോഗികളുമായി ഓടിയാലേ പലപ്പോഴും മറ്റൊരു ആശുപത്രിയിലെത്താൻ കഴിയൂ. ഇത് പലവിധ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. തിങ്കളാഴ്ച രോഗിയുമായി പോയ ആംബുലൻസ് ചീയപ്പാറയില്‍ അപകടത്തില്‍ പെട്ടതാണ് ഒടുവിലത്തെ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

