അടിമാലി താലൂക്ക് ആശുപത്രി: മലിനജല സംസ്കരണ പ്ലാന്റ് നിര്‍മാണം പുരോഗമിക്കുന്നു
text_fieldsഅടിമാലി താലൂക്ക് ആശുപത്രി
അടിമാലി: താലൂക്ക് ആശുപത്രിയില്‍ മലിനജ ല സംസ്കരണ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു. സംസ്ഥാന ശുചിത്വമിഷനില്‍നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം നടക്കുന്നത്. താലൂക്ക് ആശുപത്രി വളപ്പിൽ മോര്‍ച്ചറിക്ക് സമീപത്തായാണ് പ്ലാന്റ് നിര്‍മിക്കുന്നത്.
സെപ്റ്റേജ് വേസ്റ്റ് വാട്ടര്‍ ഒഴികെ ആശുപത്രിയിലെ മലിനജലം പൂര്‍ണമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്കര്‍ഷിക്കുന്ന നിലവാരത്തിലേക്ക് ശുദ്ധീകരിച്ച് മാറ്റാന്‍ പുതിയ പ്ലാന്റിലൂടെ സാധിക്കും. ഈ ജലം സോക് പിറ്റില്‍ സംഭരിക്കുകയും ചെടികള്‍ നനക്കുന്നതിനടക്കം ഉപയോഗിക്കുകയും ചെയ്യാം.
പ്ലാന്റ് പൂര്‍ത്തിയാകുന്നതോടെ ആശുപത്രിയിലെ മലിനജലവുമായി ബന്ധപ്പെട്ട് നാളുകളായി നിലനിന്ന പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന് പറഞ്ഞു. ശുചിത്വമിഷന് അംഗീകരിച്ച ഏജന്‍സി വഴിയാണ് പ്ലാന്റിന്റെ രൂപകല്പന. ചെന്നൈ ആസ്ഥാനമായ ഏജന്‍സിക്കാണ് നിർമാണച്ചുമതല. നിർമാണം പൂര്‍ത്തീകരിച്ച് പൂര്ണപ്രവര്ത്തനക്ഷമതയോടെ കൈമാറാന്‍ ആറുമാസമാണ് നിര്‍മാണച്ചുമതലയുള്ള ഏജന്‍സിക്ക് നല്‍കിയിട്ടുള്ളത്.