അടിമാലി പിടിക്കാൻ അങ്കം
text_fieldsഅടിമാലി ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.പി. അലിയാർ വോട്ട് തേടുന്നു
അടിമാലി: ഹൈറേഞ്ചിന്‍റെ പ്രവേശന കവാടം, വിനോദ സഞ്ചാരികളുടെ ഇടത്താവളം, തൊടുപുഴ, കട്ടപ്പന നഗരസഭകൾ കഴിഞ്ഞാൽ ജില്ലയിലെ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രം. ഇത്തരം വിശേഷണങ്ങളുള്ള അടിമാലിയുടെ ഭരണസാരഥ്യം ഇരു മുന്നണികൾക്കും പരമ പ്രധാനമാണ്. അതുകൊണ്ട് തന്നെ അടിമാലിയുടെ ഭരണം പിടിക്കാൻ വലിയ അങ്കമാണ് നടക്കുന്നത്. ശക്തി തെളിയിക്കാൻ എൻ.ഡി.എയും രംഗത്തുണ്ട്.
കേവല ഭൂരിപക്ഷത്തോടെ കഴിഞ്ഞ തവണ എൽ.ഡി.എഫാണ് അധികാരത്തിൽ എത്തിയത്. ഒന്നര വർഷത്തിന് ശേഷം അധികാരം തിരിച്ച് പിടിച്ച യു.ഡി.എഫ് തിരിച്ചടിച്ചു. കഴിഞ്ഞ തവണ 21 അംഗ ഭരണ സമിതിയിൽ 12 അംഗങ്ങളുടെ പിന്തുണയിൽ എൽ.ഡി. എഫ് അധികാരത്തിൽ എത്തി. ഒന്നര വർഷം കഴിഞ്ഞപ്പോൾ സ്വതന്ത്ര അംഗവും സി.പി.ഐയിലെ ഒരംഗവും യു.ഡി.എഫിന് ഒപ്പം ചേർന്നു.
അടിമാലി പഞ്ചായത്ത് 13-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ജോൺസി ഐസക്കും ജില്ല ഡിവിഷൻ സ്ഥാനാർഥി ടി.എസ്. സിദ്ദീഖും വാർഡിൽ വോട്ട് തേടുന്നു
ഇതോടെ എൽ.ഡി.എഫ് ഭരണത്തിൽ നിന്ന് പുറത്തായി. കുറുമാറ്റ നിയമപ്രകാരം നൽകിയ പരാതിയിൽ പ്രസിഡന്‍റ് പദം നഷ്ടമാവുമെന്ന് മനസിലാക്കിയ പ്രസിഡന്‍റ് എൽ.ഡി.എഫിലേക്ക് തന്നെ മറുകണ്ടം ചാടി. ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി. ഇതോടെ സി.പി.ഐയിലെ തന്നെ മറ്റൊരംഗത്തിനെ യു.ഡി.എഫ് ക്യാമ്പിൽ എത്തിച്ച് വീണ്ടും ഭരണം തിരിച്ച് പിടിച്ചു. ഭരണം അവസാനിക്കാൻ ആഴ്ചകൾ മാത്രമുള്ളപ്പോൾ പ്രസിഡന്‍റിനെ തെരഞ്ഞെടുപ്പ് കമീഷൻ ആയോഗ്യയാക്കിയെങ്കിലും പുതിയ പ്രസിഡന്‍റിനെ നിയമിക്കാൻ കാലാവധി ഇല്ലാത്തതിനാൽ അവസാന നാളുകൾ പ്രസിഡന്‍റില്ലാതെയാണ് ഭരണം മുന്നോട്ട് നീങ്ങിയത്.
ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ വ്യക്തമായ ഭൂരിപക്ഷം തേടി ഇരു മുന്നണികളും കടുത്ത മത്സരമാണ് എല്ലാ വാർഡുകളിലും കാഴ്ച വെക്കുന്നത്. 21 വാർഡുകൾ 24 വാർഡായി ഉയർത്തിയപ്പോൾ സീറ്റുകൾ വീതം വെക്കൽ ഇരു മുന്നണികളിലും വലിയ തർക്കത്തിന് കാരണമായി. കോൺഗ്രസിലും മുസ്ലിം ലീഗിലും മത്സരാർത്ഥികളുടെ വടം വലി വലിയ പ്രതിസന്ധി ഉണ്ടാക്കി. മുന്നണികളിൽ ചെറു കക്ഷികൾക്ക് സ്ഥാനാർഥി ക്ഷാമം വരെ അനുഭപ്പെട്ടു.
വാർഡ് 22 -ൽ യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ തന്നെ മറുകണ്ടം ചാടി എൽ.ഡി.എഫ് സ്ഥാനാർഥിയായി . വാർഡ് 11 -ൽ കേരള കോൺഗ്രസ് ( ജെ ) ആദ്യം പ്രഖ്യാപിച്ചത് കോൺഗ്രസിലെ യുവജന നേതാവിനെയാണ് . എന്നാൽ ഇത് പരാതിക്കിടയായതോടെ ഉറച്ച പാർട്ടി പ്രവർത്തകനെ തന്നെ കളത്തിൽ ഇറക്കി. എന്നാൽ സ്ഥാനാർഥിത്വത്തിൽ നിന്ന് ലവലേശം പോലും പിന്നോട്ട് പോകാതെ സ്വതന്ത്ര സ്ഥാനാർഥിയായി യുവ നേതാവ് മത്സര രംഗത്ത് ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

