എന്ത് തെറ്റ് ചെയ്തിട്ടാണ് ഞങ്ങൾ ദുരിതമനുഭവിക്കുന്നത് ? അടിമാലി ലക്ഷം വീട് ഉന്നതിയിൽ മലയിടിച്ചിൽ ദുരന്തബാധിതർ സമരം തുടരുന്നു
text_fieldsഅടിമാലി അമ്പലപ്പടിയിൽ ദേശീയപാത കരാർ കമ്പനിയുടെ യാർഡിന് മുന്നിൽ അനിശ്ചിത കാല സമരം തുടരുന്ന ദുരന്ത ബാധിതർ
അടിമാലി: ലക്ഷം വീട് ഉന്നതിയിൽ മലയിടിച്ചിൽ ദുരന്തബാധിതർ നടത്തുന്ന ദേശീയപാത നിർമാണ കമ്പനിയുടെ യാർഡ് ഉപരോധം തുടരുന്നു. തിങ്കളാഴ്ച രാവിലെയാണ് അടിമാലി അമ്പലപ്പടിയിൽ അനിശ്ചിത കാല സമരം തുടങ്ങിയത്.
എന്ത് തെറ്റ് ചെയ്തിട്ടാണ് തങ്ങൾ ദുരിതം അനുഭവിക്കുന്നതെന്നാണ് ഇവിടെയുള്ളവർ ചോദിക്കുന്നത്. വിവരം തിരക്കുന്നവരോട് പൊട്ടിക്കരഞ്ഞാണ് ഇവർ കാര്യങ്ങൾ വിശദീകരിക്കുന്നത്. അത്രക്ക് വേദനയിലാണ് തങ്ങളെന്ന് സമരവേദിയിലുള്ള വീട്ടമ്മമാർ പറയുന്നു. യാർഡിൽ എല്ലാവിധ പ്രവർത്തനവും തടസ്സപ്പെട്ടു. സർക്കാർ ദുരിന്ത ബാധിതരെ നിരന്തരം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം.
പുനരധിവാസം ഉൾപ്പെടെ എൻ.എച്ച്.എ.ഐ നൽകണമെന്ന നിലപാടിലാണ് ജില്ല ഭരണകൂടം. ഇത് മനുഷ്യ നിർമിത ദുരന്തമാണെന്നാണ് ഇവരുടെ നിലപാട്. ഇതാണ് സർക്കാർ സഹായങ്ങൾ നൽകുന്നതിലെ തടസ്സം. എൻ.എച്ച്.എ.ഐ പുനരധിവാസവും സഹായവും നൽകുമെന്ന് പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാർ വിഷയത്തിൽ ഇടപെട്ട് സഹായം ലഭ്യമാകാൻ നടപടി സ്വീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
‘വീട് കിട്ടിയിട്ടേ ഞാൻ ഇനി ക്ലാസിന് പോകൂ’
സമരത്തിനിടെ ഏവരുടെയും ശ്രദ്ധ ഫൈഹ മോളിലാണ്. അടിമാലി കുമ്പൻപാറ ഫാത്തിമ മാത ഗേൾസ് ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ഫൈഹ. ‘ഉപ്പയും ഉമ്മയും സമരം നടത്തുകയല്ലേ, ഞാൻ എങ്ങനെ ക്ലാസിൽ പോകും. വീട് കിട്ടിയിട്ടേ ഇനി ക്ലാസിൽ പോകൂ’ എന്നാണ് അവൾ പറയുന്നത്. ബിൻ - സജിനി ഭമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവളാണ് ഫൈഹ. സഹോദരി ഫിദ ഇന്നലെ ക്ലാസിൽ പോയി. സഹോദരൻ ഫർഹാൻ സമരപ്പന്തലിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

