അടിമാലിയിലും മൂന്നാറിലും കാട്ടാന ശല്യം രൂക്ഷം
text_fieldsകാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മനോജിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നു
അടിമാലി: അടിമാലിയിലും മൂന്നാറിലും കാട്ടാന കൂട്ടങ്ങളുടെ ശല്യം രൂക്ഷം. കാട്ടാനകളുടെ മുന്നിൽ അകപ്പെട്ട നാലംഗ ആദിവാസി യുവാക്കൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റു. പ്ലാമല ആദിവാസി ഉന്നതിയിലെ വാസുദേവന്‍റെ മകൻ മനോജിനാണ് (26) പരിക്കേറ്റത്. രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. മൂന്നോളം വരുന്ന കാട്ടാനകളുടെ മുന്നിലാണ് ഇവർ അകപ്പെട്ടത്. ആനയെ കണ്ട് നാൽവർ സംഘം ചിതറി ഓടുന്നതിനിടെ വീണാണ് മനോജിന് പരിക്കേറ്റത്. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മനോജിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പിന്നീട് അടിമാലി താലൂക്കാശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി.
മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. ഇവ വ്യാപകമായ കൃഷി നാശവും ഉണ്ടാക്കുന്നുണ്ട്. മൂന്നാർ ഹാരിസൺ ഫാക്ടറിക്ക് സമീപം കാട്ടാന കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ദേവിക്കുളം ഈസ്റ്റ് ഡിവിഷനിലും കാട്ടാന കൂട്ടം ജനവാസ മേഖലയിൽ വലിയ നാശമണ് വിതക്കുന്നത്. അടുക്കളത്തോട്ട പച്ചക്കറി കൃഷിയടക്കം വലിയ നാശമാണ് വിതക്കുന്നത്. മൂന്നാർ ടൗണിൽ അടക്കം കാട്ടാനകളുടെ ശല്യം പതിവായതോടെ ജനങ്ങൾ ഭീതിയിലാണ്.

