അടിമാലി മലയിടിച്ചിൽ; ദുരന്തബാധിതർ ദുരിതത്തിൽ
text_fieldsഅടിമാലിയിലെ മലയിടിച്ചിൽ ദുരന്തം (ഫയൽ ചിത്രം)
അടിമാലി: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ മലയിടിച്ചിൽ ദുരിത ബാധിതരെ അധികൃതർ അവഗണിക്കുന്നതായി ആക്ഷേപം. രണ്ട് മാസം മുമ്പാണ് അടിമാലി ലക്ഷം വീട് കോളനിയിൽ വൻ മലയിടിച്ചിൽ ദുരന്തം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വീട്ടമ്മയുടെ കാൽ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. എട്ട് വീടുകൾ പൂർണമായി തകർന്നു. മണ്ണിടിച്ചിലിനെ തുടർന്ന് 24 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുകയും ചെയ്തു.
ദുരന്തത്തിൽ ഒരു കാൽ നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന സന്ധ്യക്ക് 15000 രൂപ മാത്രമാണ് സർക്കാർ സഹായമായി ലഭിച്ചത്. സന്ധ്യയുടെ ഭർത്താവ് ബിജുവാണ് മരിച്ചത്. വീട് പോയതിന്റെ നഷ്ടപരിഹാരവും ലഭിച്ചില്ലെന്നും മമ്മൂട്ടിയുടെ കാരുണ്യം കൊണ്ടാണ് ചികിത്സ ചെയ്യാൻ കഴിഞ്ഞതെന്നും സന്ധ്യ ബിജു പറഞ്ഞു. മകൾക്ക് കലക്ടർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും കിട്ടിയില്ല. ധനസഹായം കിട്ടിയില്ലെങ്കിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണ്. ദേശീയ പാത വിഭാഗം മൂന്ന് ലക്ഷം രൂപ ആശുപത്രിൽ അടച്ചു. പിന്നീട് ഇതു വരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് സന്ധ്യ പറയുന്നു.
എട്ട് കുടുംബങ്ങൾ കത്തിപ്പാറയിലെ വൈദ്യുതി വകുപ്പ് ക്വാർട്ടേഴ്സിലും ബാക്കി കുടുംബങ്ങളെ വിവിധ സ്ഥലങ്ങളിൽ വാടക വീടുകളിലേക്കുമാണ് മാറ്റിയത്. വാടക ഉൾപ്പെടെ സർക്കാർ നൽകുമെന്നാണ് ജില്ല കളക്ടർ അറിയിച്ചത്. എന്നാൽ വാടക കുടിശ്ശികയായി. മനുഷ്യ നിർമിത ദുരന്തമാണ് ഇതെന്നും അതാണ് ധനസഹായത്തിന് തടസമെന്നുമാണ് കലക്ടർ പറയുന്നത്. അപകടം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉണ്ടായതാണെന്ന് കലക്ടർ തന്നെ പറയുമ്പോൾ ഇത്തരത്തിൽ മനുഷ്യ നിർമിത ദുരന്തം ഉണ്ടാക്കിയവരെ പ്രതിചേർത്ത് കേസെടുക്കാൻ ജില്ല ഭരണകൂടം യാതൊരു തരത്തിലുള്ള നടപടികളും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

