തൊടുപുഴയിലെ കുരുക്കഴിക്കാൻ നടപടി
text_fieldsതൊടുപുഴ: നഗരത്തിലെ ഗതാഗത കുരുക്കഴിക്കാൻ നടപടി തുടങ്ങി അധികൃതർ. സ്കൂൾ തുറന്നതോടെ നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ രാവിലെയും വൈകീട്ടും ഗതാഗത കുരുക്ക് രൂക്ഷമാണ്. ഈ സാഹചര്യത്തിൽ നഗരസഭ ചെയർമാൻ കെ. ദീപക്കിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് തീരുമാനങ്ങളെടുത്തത്.
സുഗമമായ പൊതുഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന വിവിധ വിഷയങ്ങൾ തൊടുപുഴ ഡി.വൈ.എസ്.പി ഇമ്മാനുവൽ പോൾ, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു. നഗരത്തിലെ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനും ട്രാഫിക് ലംഘനം ശ്രദ്ധയിൽ പെട്ടാൽ കർശന നിയമനടപടി സ്വീകരിക്കാനും തീരുമാനമായി.
നഗരത്തിൽ നിരോധിത മേഖലയിലെ പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കാനും അനധികൃത വഴിയോര കച്ചവടം, ഉന്തുവണ്ടികൾ എന്നിവക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. കാൽനടക്കാരുടെ സുരക്ഷക്കായി സീബ്രാലൈൻ വീണ്ടും വരക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ യോഗത്തിൽ അറിയിച്ചു.
നഗരത്തിൽ ട്രാഫിക് ലംഘനം കണ്ടെത്താൻ എ.ഐ കാമറകൾ സജ്ജമാണെന്ന് ഡി.വൈ.എസ്.പി യോഗത്തിൽ അറിയിച്ചു. മോർ ജങ്ഷൻ, ഷാപ്പുംപടി, വെങ്ങല്ലൂർ -മങ്ങാട്ടുകവല, ധന്വന്തരി ജങ്ഷൻ തുടങ്ങിയ ഇടങ്ങളിൽ വർധിച്ചുവരുന്ന ഗതാഗത കുരുക്ക് കുറയ്ക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
മങ്ങാട്ട് കവലയിൽ പുതിയ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി ചെയർമാൻ യോഗത്തിൽ അറിയിച്ചു. നഗരസഭ പരിധിയിലെ അനധികൃത കേബിളുകൾ നീക്കം ചെയ്യാൻ കെ.എസ്.ഇ.ബിയുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ അറിയിച്ചു. നഗരത്തിൽ ആവശ്യമായ ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന് മുന്നോടിയായി ട്രാഫിക് അഡ്വൈസറി യോഗം ഉടൻ ചേരുമെന്നും അദ്ദേഹം അറിയിച്ചു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

