മുറ്റത്ത് അപകടങ്ങൾ തുടർക്കഥ; രാഘവെൻറ താമസം വാടകവീട്ടിൽ
text_fieldsരാഘവെൻറ വീട് വാഹനം ഇടിച്ച് തകർന്ന നിലയിൽ
വണ്ണപ്പുറം: സ്വന്തമായി വീടും സ്ഥലവുമുണ്ടെങ്കിലും പ്രാണഭീതി മൂലം താമസിക്കാനാവാതെ രാഘവൻ. വീട്ടുമുറ്റത്ത് അപകടങ്ങൾ പതിവായതോടെ വാടക വീട്ടിലാണ് ഇപ്പോൾ താമസം. ആലപ്പുഴ-മധുര സംസ്ഥാനപാതയിൽ മുണ്ടൻമുടിക്കടുത്ത് നാൽപതേക്കറിലെ കൊടും വളവിലാണ് വീട്. വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ നിയന്ത്രണം വീട്ട് വീട്ടുമുറ്റത്തേക്ക് മറിയുകയോ ഇടിച്ചുകയറുകയോ ചെയ്യുന്നത് പതിവായി.
ഇതിനിടെയാണ് കഴിഞ്ഞവർഷം ഇറക്കമിറങ്ങി വന്ന ഇരുചക്ര വാഹനം വീടിെൻറ മൂല ഇടിച്ചുതകർത്തത്. ഇതിന് മുമ്പ് പിക്അപ്, മൂന്ന് കാറുകൾ, മിനി ലോറി ഉൾപ്പെടെ നിരവധി വാഹനങ്ങൾ മുറ്റത്തേക്ക് മറിഞ്ഞ് വീടിന് തകരാർ സംഭവിച്ചിരുന്നു. ഒരിക്കൽ മകൾ മുറ്റത്ത് നിൽക്കുമ്പോൾ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു. ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. ഇനിയും ഇവിടെ താമസിക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി വാടക വീട്ടിലേക്ക് മാറുകയായിരുന്നു.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രാഘവനെ ആശ്വസിപ്പിക്കുകയും ഉടൻ സൗകര്യപ്രദമായ സ്ഥലത്ത് വീട് െവച്ചുനൽകാമെന്ന് ഉറപ്പുനൽകുയും ചെയ്തിരുന്നു. എന്നാൽ, വാഗ്ദാനങ്ങളല്ലാതെ ഒന്നും നടന്നില്ല. രാഘവന് സ്വന്തമായി ആകെയുള്ളത് എട്ടുസെൻറ് മാത്രമാണ്. അവിടെ ഉണ്ടായിരുന്ന കൂരയാണ് വാഹനം ഇടിച്ചുതകർന്നത്.
ഈ സ്ഥലത്ത് ഇനിയും വീട് പണിത് താമസിക്കാൻ കഴിയില്ല. പ്രായവും രോഗവും മൂലം അവശനായ രാഘവന് ഭാര്യയും രണ്ടു പെൺമക്കളുമാണുള്ളത്. രോഗാവസ്ഥയിലും ജോലിയെടുത്ത് കിട്ടുന്ന തുക വാടക നൽകാൻ പോലും തികയുന്നില്ലെന്ന് രാഘവൻ പറയുന്നു. സർക്കാറോ സുമനസ്സുകളോ നൽകുമെന്ന പ്രതീക്ഷയിലാണ് രാഘവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

