കോവിഡ് കാലത്ത് പൂട്ടിയത് ആയിരത്തോളം മരുന്ന് വിൽപനശാലകൾ
text_fieldsതൊടുപുഴ: കോവിഡ് കാലത്ത് ഇതര രോഗങ്ങൾക്കുള്ള മരുന്ന് വിൽപന കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്ത് പൂട്ട് വീണത് ആയിരത്തോളം വിൽപനശാലകൾക്ക്. സാമൂഹിക അകലവും മാസ്കും ജീവിതത്തിെൻറ ഭാഗമായതും പൊതുസ്ഥലങ്ങളിലെ കൂടിച്ചേരലുകൾ ഇല്ലാതായതും മറ്റ് രോഗങ്ങളെ അകറ്റിനിർത്താൻ സഹായിച്ചതാണ് മലയാളിയുടെ മരുന്ന് ഉപഭോഗം കുറയാൻ കാരണം. എന്തിനും ഏതിനും മരുന്ന് കഴിക്കുന്ന പ്രവണത ഇല്ലാതായി വരികയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപകമായ ഒന്നര വർഷത്തിനിടെ സംസ്ഥാനത്ത് മരുന്ന് വിൽപനയിൽ 45 ശതമാനം ഇടിവുണ്ടായതായാണ് വ്യാപാരികൾ പറയുന്നത്. ആൻറിബയോട്ടിക്കുകളും ശ്വാസകോശ, ശിശു രോഗങ്ങൾക്കുള്ള മരുന്നുകളുമാണ് മെഡിക്കൽ സ്റ്റോറുകളിലെ വിൽപനയുടെ മുഖ്യപങ്കും. കുട്ടികൾക്കുള്ള മരുന്ന് മാത്രം ഒരു വർഷം 4000 കോടിയുടെ വിൽപനയാണ് സംസ്ഥാനത്ത് നടന്നിരുന്നത്. ഇത് 1500 കോടിയായി കുറഞ്ഞു. ഒാൺലൈൻ പഠനവുമായി വീടുകളിലൊതുങ്ങിയതോടെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞതായി ശിശുരോഗ വിദഗ്ധരും പറയുന്നു. സാധാരണ ജൂൺ, ജൂലൈ മാസങ്ങളിൽ കുട്ടികൾക്കിടയിൽ പലതരം രോഗങ്ങളും ഇതിനുള്ള മരുന്നുകളുടെ വ്യാപാരവും സജീവമായിരുന്നു. എന്നാൽ, മലിനീകരണവും പൊടിയും നിറഞ്ഞ പുറത്തെ അന്തരീക്ഷവുമായുള്ള ഇടപഴകൽ ഇല്ലാതായത് കുട്ടികളുടെ ആരോഗ്യസുരക്ഷക്ക് ഏറെ സഹായിച്ചിട്ടുണ്ട്.
രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം, വൃക്കരോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിൽപനയാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. ലോക്ഡൗൺകാലത്തുപോലും മുടക്കമില്ലാതെ പ്രവർത്തിച്ചിട്ടും ചെലവും വരുമാനവും ഒത്തുപോകാത്തതാണ് ആയിരത്തോളം മെഡിക്കൽ സ്റ്റോറുകൾ പൂട്ടാൻ കാരണമെന്ന് ഒാൾ കേരള കെമിസ്റ്റ്സ് ആൻറ് ഡ്രഗ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് രാജു പറഞ്ഞു. ഡ്രഗ് ലൈസൻസുള്ള 25000ഒാളം മെഡിക്കൽ സ്റ്റോറുകളാണ് സംസ്ഥാനത്തുള്ളത്. ലോക്ഡൗൺ കാലത്തെ സാമ്പത്തിക പ്രതിസന്ധിയും ഒാൺലൈനായി മരുന്ന് വാങ്ങുന്നവരുടെ എണ്ണം കൂടിയതും സംസ്ഥാനത്തെ വിൽപനയെ ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

