പശ്ചിമഘട്ടത്തിന്റെ ആകുലതകൾ നിറഞ്ഞ റിപ്പോർട്ട്
text_fieldsമാധവ്
ഗാഡ്ഗിൽ
കട്ടപ്പന: പശ്ചിമഘട്ട സംരക്ഷണത്തിനു അമൂല്യസംഭാവനകൾ നൽകിയ മാധവ് ഗാഡ്ഗിൽ ഓർമയാകുമ്പോൾ അദ്ദേഹം യാറാക്കിയ റിപ്പോർട്ട് ഇടുക്കിയിൽ നിരവധി സമരപോരാട്ടങ്ങൾക്ക് കാരണമായി. 2011 ആഗസ്റ്റ് 31ന് റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി വകുപ്പിന് സമർപ്പിച്ചു. 2010ലാണ് കേന്ദ്രസർക്കാർ 14 അംഗ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിക്ക് രൂപം നൽകിയത്.
പശ്ചിമഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചുപറഞ്ഞ റിപ്പോർട്ട് ഇടുക്കി, വയനാട് ജില്ലകളിൽ വലിയ പ്രതിഷേധത്തിനു ഇടയാക്കി. സമിതി അംഗങ്ങൾ പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ചു മഹാരാഷ്ട്ര, കര്ണാടക, ഗോവ, കേരളത്തിലെ ആതിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.
ഭൂമിശാസ്ത്രം, വനസംരക്ഷണം, ജലവൈവിധ്യം, ഖനനം, പാറ പൊട്ടിക്കൽ, ജല വൈദുതി പദ്ധതികൾ എന്നിവ സംബന്ധിച്ച സന്ദർശനങ്ങൾ നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ, റിപ്പോർട്ട് ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ല സന്ദർശിക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് പറഞ്ഞു വ്യാപകപ്രതിഷേധം ഉയർന്നു. മലഞ്ചെരിവുകളിലെ അനിയന്ത്രിത ക്വാറി പ്രവർത്തനങ്ങൾ, വനനശീകരണം, നിയന്ത്രണമില്ലാത്ത കെട്ടിടനിർമാണം, റോഡ് വികസനം എന്നിവ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്നായിരുന്നു റിപ്പോർട്ടിന്റെ ശാസ്ത്രീയ വിലയിരുത്തൽ.
വിവിധ മത വിഭാഗങ്ങൾ ചേർന്ന് കഞ്ഞിരപ്പള്ളി, ഇടുക്കി രൂപതകളുടെ നേതൃത്വത്തിൽ ഹൈറേഞ്ച് സംരക്ഷണ സമിതി എന്നൊരു സംഘടന രൂപവത്കരിച്ചു സമരം ശക്തമാക്കി.2013ലാണ് ഗാഡ്ഗിൽ റിപ്പോർട്ട് വിരുദ്ധ സമരങ്ങൾ ഏറ്റവും ശക്തമായി നടന്നത്.
നിർമാണങ്ങൾക്ക് നിയന്ത്രണം വരുമെന്നും കൃഷി ഭൂമിയിൽ കർഷകർക്കുള്ള അവകാശം നഷ്ടപ്പെടുമെന്ന ഭീതിയുമായിരുന്നു. ഇടുക്കിയിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ കനത്ത മഴ, ഉരുൾപൊട്ടൽ, വീടുകളും കൃഷിയും നശിച്ച ദുരന്തങ്ങൾക്ക് ശേഷം, ഗാഡ്ഗിൽ റിപ്പോർട്ട് മുന്നറിയിപ്പുകൾ ഇപ്പോൾ കൂടുതൽ പ്രസക്തമാണെന്ന് ഓർമിപ്പിക്കുന്നു.മലഞ്ചെരിവുകളിലെ അനിയന്ത്രിത ഇടപെടൽ പരിസ്ഥിതിയെയും മനുഷ്യജീവിതത്തെയും ബാധിക്കുന്നതായി ദുരന്തങ്ങൾ തെളിയിച്ചുവെന്നതാണ് വസ്തുത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

