21 വർഷമായിട്ടും പൂർത്തിയാകാതെ 795 കോടിയുടെ കുടിവെള്ള പദ്ധതി
text_fieldsആലടി കുരിശുമല കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമിച്ച വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റും പമ്പ് ഹൗസും
പ്രഖ്യാപിക്കാനും നിർമാണം തുടങ്ങാനുമുള്ള ആവേശം പിന്നീട് ഉണ്ടാകുന്നില്ല എന്നത് ജില്ലയിലെ പല കുടിവെള്ള പദ്ധതികളുടെയും ശാപമാണ്. ചുരുങ്ങിയ നാളുകൾക്കകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നവയും അനിശ്ചിതമായി നീളുന്നതോടെ ചെലവും കുത്തനെ ഉയരും. ഇടുക്കി ജലാശയത്തിലെ ജലം ശുദ്ധീകരിച്ച് മൂന്ന് താലൂക്കിലെ മൂന്നര ലക്ഷത്തോളം പേർക്ക് കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട 795 കോടിയുടെ ആലടി-കുരിശുമല-അഞ്ചുരുളി കുടിവെള്ള പദ്ധതി 21 വർഷമായിട്ടും പൂർത്തിയായിട്ടില്ല. ഉടുമ്പൻചോല താലൂക്കിലെ വണ്ടൻമേട്, നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, ഇരട്ടയാർ, ഉടുമ്പൻചോല, സേനാപതി, ശാന്തൻപാറ, രാജാക്കാട്, രാജകുമാരി, പീരുമേട് താലൂക്കിലെ ചക്കുപള്ളം, ഉപ്പുതറ, ഇടുക്കി താലൂക്കിലെ കാമാക്ഷി, മരിയാപുരം, കാഞ്ചിയാർ, വാത്തിക്കുടി പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും വാഗമൺ വില്ലേജുമാണ് (പീരുമേട് താലൂക്ക്) പദ്ധതിയുടെ പരിധിയിലുള്ളത്. 2018 ജനുവരിയിലെ കണക്കുപ്രകാരം 795 കോടിയാണ് ചെലവ് പ്രതീക്ഷിച്ചത്. എന്നാൽ, പദ്ധതി പൂർത്തിയാകുമ്പോൾ 1000 കോടിയിലെത്തുമെന്ന് ജല അതോറിറ്റി അധികൃതർ പറയുന്നു.
ഇടുക്കി സംഭരണിയുടെ ഭാഗമായ അഞ്ചുരുളിയിൽനിന്ന് ശുദ്ധീകരിക്കുന്ന വെള്ളം 1250 കിലോമീറ്റർ ദൂരം പൈപ്പിട്ട് 3,72,000 വീടുകളിൽ വെള്ളം എത്തിക്കുന്നതായിരുന്നു പദ്ധതി. ജല അതോറിറ്റി സർവേ നടപടികൾ ആറു മാസംകൊണ്ട് പൂർത്തീകരിച്ചെങ്കിലും തുടർനടപടി ഇഴയുകയാണ്. 21 വർഷം മുമ്പ് തുടങ്ങിയ ആലടി-കുരിശുമലയുടെ വിപുലീകരണ ഭാഗമാണ് ഈ പദ്ധതി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വൈദ്യുതീകരണ ജോലികൾക്കും പമ്പ്ഹൗസ് ഉൾപ്പെടെ സ്ഥാപിക്കാനും തുക അനുവദിച്ചതോടെ പദ്ധതിക്ക് ജീവൻവെച്ചെങ്കിലും എന്ന് പൂർത്തിയാകുമെന്ന് ഒരു ഉറപ്പുമില്ല.
ആസൂത്രണമില്ലാത്ത തുടക്കം; അനിശ്ചിതത്വത്തിലായ നിർമാണം
വ്യക്തമായ ആസൂത്രണം ഇല്ലാത്തതാണ് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും പദ്ധതി ഇഴയാൻ കാരണമെന്ന് പറയുന്നു. തോണിത്തടിയിൽ പമ്പ് ഹൗസ്, കുരിശുമലയിൽ ടാങ്ക്, കല്യാണത്തണ്ട് പ്രദേശത്ത് ബൂസ്റ്റർ പമ്പ് ഹൗസ് എന്നിവയെല്ലാം പണിതെങ്കിലും ട്രീറ്റ്മെന്റ് പ്ലാന്റിന് സ്ഥലം ലഭിക്കാതെ വന്നതോടെ 2008ൽ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചു. അനുവദിച്ച 23.7 കോടിയിൽ 15.12 കോടി ചെലവിട്ട ശേഷം പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം വൻ പ്രതിഷേധത്തിന് ഇടയാക്കി. ഒടുവിൽ, സർക്കാറും ജില്ല ഭരണകൂടവും ഇടപെട്ട് ഒരേസമയം 70 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റിനും അനുബന്ധ സൗകര്യങ്ങൾക്കും റവന്യൂ ഭൂമി ലഭ്യമാക്കി. വൈദ്യുതി ആവശ്യത്തിന് 2016ൽ ഒമ്പത് കോടി അനുവദിച്ചെങ്കിലും കൃത്യസമയത്ത് കാര്യങ്ങൾ ചെയ്യാത്തതിനാൽ ഫണ്ട് ലാപ്സായി. നിർവഹണ വിഭാഗം ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥാനചലനമായിരുന്നു കാരണം.
2017-18ൽ കിഫ്ബിയിൽനിന്ന് 46 കോടി അനുവദിച്ചതോടെ നിർമാണം വീണ്ടും സജീവമായി. തുടർന്ന് പെരിയാറിന് കുറുകെ ചെക്ക്ഡാം നിർമിക്കാനും വൈദ്യുതി അനുബന്ധ ജോലികൾക്ക് പമ്പ്ഹൗസുകളും പൈപ്പ്ലൈനുകളും സ്ഥാപിക്കാനും വിവിധ ഘട്ടങ്ങളായി തുക അനുവദിച്ചു. ഈ പദ്ധതിയുമായി സംയോജിപ്പിച്ച് മൂന്നു താലൂക്കിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആവിഷ്കരിച്ച 795 കോടിയുടെ പദ്ധതിയാണ് ഇഴയുന്നത്.
അഞ്ചരക്കോടി വെള്ളത്തിലായ പദ്ധതി
വണ്ടന്മേട് പഞ്ചായത്തിൽ ലോകബാങ്ക് സഹായത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പാക്കിയ അഞ്ചരക്കോടിയുടെ കുടിവെള്ള പദ്ധതി കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണമാണ്. നിർമാണം പൂർത്തിയാക്കി 20 വർഷമായിട്ടും ഒരു തുള്ളി വെള്ളംപോലും പദ്ധതിയിൽനിന്ന് ആർക്കും കിട്ടിയില്ല.
ജലവിതരണത്തിന് ഉറവിടം കണ്ടെത്താതെ നിർമാണം നടത്തിയതാണ് പദ്ധതി പാളാൻ കാരണം. ലഭിച്ച 5.29 കോടി ഉപയോഗിച്ച് ടാങ്കുകളും ആമയാറിന് സമീപം പമ്പ്ഹൗസും ശുദ്ധീകരണ പ്ലാൻറും പണിതു. പ്രതിദിനം 20 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാവുന്ന പ്ലാൻറാണ് നിർമിച്ചത്. ഇവിടേക്ക് വൈദ്യുതി എത്തിക്കുകയും പഞ്ചായത്തിലുടനീളം പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തു. പമ്പ് ഹൗസിന് സമീപം അഞ്ച് മീറ്റർ ഉയരത്തിൽ ചെക്ക് ഡാം നിർമിച്ച് വെള്ളം തടഞ്ഞുനിർത്തി പമ്പ് ചെയ്യാനായിരുന്നു തീരുമാനം. ഇതിന് ആവശ്യമായ അഞ്ചര ഹെക്ടർ സ്ഥലം ഏറ്റെടുത്ത് നൽകാൻ വണ്ടൻമേട് പഞ്ചായത്ത് തയാറായില്ല. ഇതോടെ പദ്ധതി ഉപേക്ഷിച്ചു.
(തുടരും)