ജില്ലയിൽ അപകടാവസ്ഥയിലുള്ളത് 72 സ്കൂൾ കെട്ടിടങ്ങൽ
text_fieldsതൊടുപുഴ: ജില്ലയിൽ അപകടാവസ്ഥയിലുള്ളത് 72 സ്കൂൾ കെട്ടിടങ്ങളെന്ന് സർക്കാർ രേഖ. കട്ടപ്പന, തൊടുപുഴ ഡി.ഇ.ഒ ഓഫിസ് പരിധികളിലാണിവ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ചാണ് ജില്ലയിൽ അൺഫിറ്റായി 72 സ്കൂൾ കെട്ടിടങ്ങളുണ്ടെന്ന് കണ്ടെത്തിയത്. സംസ്ഥാന വ്യാപകമായി 1157 സ്കൂൾ കെട്ടിടങ്ങളാണെന്ന് ഇത്തരത്തിലുള്ളതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇക്കൂട്ടത്തിലാണ് ജില്ലയിലെ 72 വിദ്യാലയങ്ങളും ഉൾപ്പെടുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ കെട്ടിടങ്ങളുടെ കണക്ക് ശേഖരിച്ചത്.
ഫിറ്റ്നസില്ലാതെയും പ്രവർത്തനം
ഓരോ അധ്യയനവർഷം ആരംഭിക്കുന്നതിന് മുമ്പും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ചേർന്ന് സ്കൂളുകളിൽ സുരക്ഷ പരിശോധന നടത്താറുണ്ട്. ഇതിൽ കണ്ടെത്തുന്ന പോരായ്മകൾ പരിഹരിച്ചാണ് ഓരോ അധ്യയനവർഷവും വിദ്യാലയങ്ങളിൽ പഠനം പുനരാരംഭിക്കുന്നത്.
അതോടൊപ്പം സ്കൂളുകളിൽ അധ്യയനം ആരംഭിക്കുന്നതിന് മുമ്പുതന്നെ തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിക്കണമെന്ന നിർദേശവും നിലവിലുണ്ട്. എന്നാൽ, ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. പല സ്ഥാപനങ്ങളും ഭാഗികമായ മിനുക്കുപണികൾ നടത്തിയ ശേഷം ഇത്തരത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തരപ്പെടുത്തുന്നതായും പരാതിയുണ്ട്.
ഭൂരിപക്ഷവും സർക്കാർ സ്കൂളുകൾ
ജില്ലയിൽ അപകടാവസ്ഥയിലെന്ന് കണ്ടെത്തിയ സ്കൂൾ കെട്ടിടങ്ങളിൽ ഭൂരിപക്ഷവും സർക്കാർ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നവയാണ്. 63 സർക്കാർ വിദ്യാലയങ്ങളാണ് ഈ ഗണത്തിൽപെടുന്നത്. എയ്ഡഡ് മേഖലയിൽ ഒമ്പത് വിദ്യാലയങ്ങളാണ് അൺഫിറ്റാണെന്ന് കണ്ടെത്തിയത്. കൊല്ലം തേവലക്കരയിൽ സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സ്കൂളുകളുടെ ഫിറ്റ്നസ് വീണ്ടും സജീവ ചർച്ചയായത്. തുടർന്നാണ് സർക്കാർ അൺഫിറ്റായ സ്കൂൾ കെട്ടിടങ്ങളുടെ വിവരം ശേഖരിച്ചത്.
സ്കൂൾ കെട്ടിടങ്ങളുടെ കാലപ്പഴക്കം, ശോച്യാവസ്ഥ, ശൗചാലയങ്ങളുടെ അപര്യാപ്തത, സുരക്ഷ മതിലുകളുടെ അഭാവം, കാടുപിടിച്ച് കിടക്കുന്ന പരിസരം, അപകട ഭീതിയുയർത്തുന്ന വൈദ്യുതി ലൈനുകൾ അടക്കമുള്ളവയുടെ സാമീപ്യം തുടങ്ങിയവ കണക്കാക്കിയാണ് അൺഫിറ്റാണെന്ന് വിലയിരുത്തുന്നത്.
നവീകരണം ലക്ഷ്യമിട്ട് സർക്കാർ
അൺഫിറ്റെന്ന് കണ്ടെത്തിയ വിദ്യാലയങ്ങളുടെ നവീകരണം ലക്ഷ്യമിട്ട് സർക്കാർ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്കൂൾ കെട്ടിടങ്ങൾ നിർമിക്കുന്നതോടൊപ്പം എം.എൽ.എമാരുടെ പ്രാദേശഢിക ആസ്തി വികസന ഫണ്ടുകൾ ഉപയോഗിച്ചും പുതിയ സ്കൂൾ മന്ദിരങ്ങൾ നിർമിക്കുന്നുണ്ട്.
ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടുകൾ ഉപയോഗിച്ചും വിദ്യാലയങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അറ്റകുറ്റപ്പണികളിലൂടെ പ്രവർത്തനസജ്ജമാക്കാൻ പറ്റുന്ന കെട്ടിടങ്ങൾ നവീകരിച്ചെടുത്തും തീർത്തും ശോച്യാവസ്ഥയിലായ കെട്ടിടങ്ങൾക്ക് പകരം പുതിയ മന്ദിരങ്ങൾ നിർമിച്ചും ലക്ഷ്യംനേടാനാണ് സർക്കാർ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

