ജില്ലയിൽ വിതരണത്തിനൊരുങ്ങി 564 പട്ടയങ്ങൾ
text_fieldsതൊടുപുഴ: ജില്ലയിൽ വിതരണത്തിനൊരുങ്ങി അഞ്ഞൂറിലേറെ പട്ടയങ്ങൾ. നിയമക്കുരുക്കുകളും പ്രതിസന്ധികളും മറികടന്ന് നിയമനടപടികൾ പൂർത്തിയാക്കിയാണ് 564 പട്ടയങ്ങൾ വിതരണത്തിനൊരുങ്ങിയത്. ഇവയുടെ വിതരണം വെള്ളിയാഴ്ച നടക്കും. സംസ്ഥാന പട്ടയമേളയോടനുബന്ധിച്ച് നടക്കുന്ന ജില്ലതല പട്ടയമേളയിലാണ് വിതരണം.
മേളയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിക്കും. വാഴത്തോപ്പ് സെന്റ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്ന പട്ടയമേളയിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം. മണി, പി.ജെ. ജോസഫ്, അഡ്വ. എ. രാജ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് തുടങ്ങിയവർ പങ്കെടുക്കും.
കൂടുതൽ പട്ടയം വിതരണം ചെയ്യുന്നത് ദേവികുളത്ത്
ജില്ലതല പട്ടയ മേളയിൽ ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നത് ദേവികുളം താലൂക്കിലെ അപേക്ഷകർക്കാണ്. ഇവിടെ 373 പേർക്കാണ് പട്ടയം നൽകുന്നത്. ഇടുക്കി- 61, തൊടുപുഴ- 35, പീരുമേട് -95 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം. അർഹരായ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലാണ് പട്ടയമേളകൾ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

