മെഡിക്കൽ കോളജിന് 50 ഏക്കർ കൂടി
text_fieldsപാറേമാവ് ആയുര്‍വേദ ആശുപത്രിക്ക് സമീപം ജില്ല പഞ്ചായത്ത് മെഡിക്കല്‍ കോളജിന്
നല്കിയ സ്ഥലം കലക്ടറും സംഘവും സന്ദര്‍ശിക്കുന്നു
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന് 50 ഏക്കർ സ്ഥലം കൂടി നല്കാന് ജില്ല പഞ്ചായത്ത് തീരുമാനിച്ചു. പുതിയ നിയമപ്രകാരം മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കാൻ നൂറേക്കര്‍ ആവശ്യമാണ്. നിലവില്‍ 47 ഏക്കറാണുള്ളത്. കൂടുതല്‍ സ്ഥലം വേണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതർ ബാക്കി സ്ഥലം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ല പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു.
കമ്മിറ്റി ഇത് അംഗീകരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സർവേ നടപടി ആരംഭിച്ചു. മത്സ്യമാര്‍ക്കറ്റിനും നഗരംപാറ റേഞ്ച് ഓഫിസിനുമിടയിലുള്ള സ്ഥലമാണ് അനുവദിച്ചത്. ഇൗ സ്ഥലം മതിയാകുന്നില്ലെങ്കിൽ മെഡിക്കല്‍ കോളജിനും വിദ്യാധിരാജ സ്കൂളിനുമിടയിലുള്ള സ്ഥലംകൂടി നല്‍കാനാണ് തീരുമാനം. സർവേ നടപടികള്‍ പൂര്‍ത്തിയാക്കി സര്‍വേ പ്ലാന്‍ സഹിതം സര്‍ക്കാറിന് സമര്‍പ്പിച്ച് സ്ഥലം കൈമാറുമെന്ന് ജില്ല പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

