മലങ്കര ജലാശയത്തിൽ 48 ശതമാനം മണ്ണും ചളിയും മണലും; നീക്കം ചെയ്യാൻ നടപടി
text_fieldsകുടയത്തൂർ: മലങ്കര ജലാശയത്തിൽ അടിഞ്ഞുകൂടിയ മണ്ണും ചളിയും മണലും നീക്കം ചെയ്യാൻ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി സാമ്പിൾ ശേഖരണം നടത്തി. സാമ്പിൾ പരിശോധിച്ച് അണക്കെട്ടിൽ എത്ര ശതമാനം മണ്ണ്, മണൽ,ചെളി എന്നിവ ഉണ്ടെന്ന് വേർതിരിച്ച് അറിഞ്ഞ ശേഷമാണ് ഇവ നീക്കം ചെയ്യുക. അണക്കെട്ടിലെ സംഭരണശേഷി പകുതിയായതോടെ മാസങ്ങൾക്ക് മുമ്പ് ചേർന്ന മന്ത്രിസഭ യോഗമാണ് ഇവ നീക്കം ചെയ്യാൻ അനുമതി നൽകിയത്.
ഡാമിന്റെ സംഭരണശേഷി 36.36 ദശലക്ഷം ഘനമീറ്ററായിരുന്നു. ഇത് 48.95 ശതമാനമായി കുറഞ്ഞതോടെയാണ് ചെളി നീക്കം ചെയ്യാൻ തീരുമാനിച്ചത്. ഇതിനായി 2021ൽ സർവേ നടത്തിയിരുന്നു. എന്നാൽ തുടർനടപടി വൈകുകയായിരുന്നു. മഴ പെയ്താൽ അണക്കെട്ട് നിറയുന്ന അവസ്ഥയാണിപ്പോഴുള്ളത്. ഇവ നീക്കംചെയ്യാൻ മന്ത്രിസഭയോഗം അനുമതി നൽകിയെങ്കിലും ഒട്ടേറെ കടമ്പകൾ കടന്നാൽ മാത്രമേ മണ്ണ് നീക്കം ചെയ്യാൻ കഴിയൂ. കഴിഞ്ഞ വർഷം തയ്യാറാക്കിയ ഡി.പി.ആർ പ്രകാരം ചീഫ് ടെക്നിക്കൽ എക്സാമിനർ വീണ്ടും പഠനം നടത്തും.
ശേഷം പരിസ്ഥിതി ആഘാത പഠനം ഉൾപ്പടെ ലഭിച്ചാൽ മാത്രമേ അന്തിമ അനുമതി ലഭിക്കൂ. ഒമ്പത് മേജർ പോയന്റുകളിൽ നിന്നും എട്ട് മൈനർ പോയന്റുകളിൽ നിന്നുമാണ് പ്രധാനമായും മണ്ണ് നീക്കം ചെയ്യേണ്ടത്. മണ്ണ് നീക്കം ചെയ്യാൻ 1093 ദിവസം വേണ്ടി വരുമെന്നാണ് പഠനത്തിൽ വ്യക്തമായത്. ഏകദേശം 18 ദശലക്ഷം ഘന മീറ്റർ ചെളിയും മണ്ണും എക്കലുമാണ് നീക്കം ചെയ്യേണ്ടത്.
ഈ പ്രവൃത്തി ടേൺ കീ അടിസ്ഥാനത്തിലുള്ള ടെൻഡർ മുഖേനയാണ് നടപ്പാക്കുക. കരാർ ഏറ്റെടുക്കുന്ന കമ്പനി ഡീസിൽറ്റേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി സർക്കാറിലേക്ക് പണം അടയ്ക്കുന്നതാണ് ടേൺ കീ സമ്പ്രദായം. മുമ്പ് പാലക്കാട് ജില്ലയിലുള്ള മംഗളം ഡാം ഇതേ മാതൃകയിൽ കരാർ നൽകിയിരുന്നു. നിലവിൽ ചുള്ളിയാർ, വാളയാർ, മീങ്കര എന്നീ ഡാമുകളിൽ വിവിധ ഏജൻസികൾ ഡീസിൽറ്റേഷൻ പ്രവൃത്തികൾ നടത്തി വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

