ലഹരിക്കെതിരെ പോരാടാൻ 4,000 കുട്ടി യോദ്ധാക്കൾ
text_fieldsതൊടുപുഴ: സര്‍ക്കാറിന്റെ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് കുട്ടിയോദ്ധാക്കൾ രംഗത്തിറങ്ങുന്നു. ഓരോ എസ്.പി.സി സ്കൂളും പദ്ധതി നിലവിലില്ലാത്ത അഞ്ച് സ്കൂളുകള്‍ വീതം ഏറ്റെടുത്താണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. സ്റ്റുഡന്റ് പൊലീസ് പദ്ധതി നിലവിലുള്ള 46 സ്കൂളുകളിലെ 4,000 കാഡറ്റുകളുടെ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍. കാഡറ്റുകള്‍ സ്കൂളുകളില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് കൂടാതെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഓരോരുത്തരും നൂറുപേരെ ബോധവത്കരിക്കുകയും ചെയ്യണം. ഫ്ലാഷ് മോബ്, ബ്രോഷർ വിതരണം, തെരുവ് നാടകം എന്നീ മാർഗങ്ങളിലൂടെയുമാണ് ബോധവത്കരണം. സ്കൂളുകളിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണവും പുരോഗമിക്കുകയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ കുറിച്ചും സാമൂഹിക പ്രത്യാഘാതങ്ങളെകുറിച്ചുമുള്ള അവബോധവും നല്‍കും. എല്ലാ സ്കൂളുകളിലെ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.
ലഹരിക്കടത്തും ഉപയോഗവും; വിവരമറിയിക്കാം
തൊടുപുഴ: ലഹരി- മയക്കുമരുന്ന് കച്ചവടങ്ങളോ ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരള പോലീസിന്റെ ആന്റി നാർകോട്ടിക് നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കാം.(ഫോട്ടോ,വിഡിയോ,ടെക്സ്റ്റ്,വോയിസ് എന്നിവയായി വിവരങ്ങൾ നൽകാം) ഇത്തരത്തില്‍ അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. 9995966666 എന്ന നമ്പറിലേക്കാണ് അറിയിക്കേണ്ടത്. വിളിക്കുന്നയാളുടെ പേരും മറ്റ് വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ പറഞ്ഞു.
വില്പനയും ഉപഭോഗവും കണ്ടെത്താന്‍ കുട്ടികള്‍ മുന്‍കൈയെടുക്കും
സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്പനയും ഉപഭോഗവും കണ്ടെത്താന്‍ എസ്.പി.സി കുട്ടികള്‍ മുന്‍കൈയെടുക്കും. ലഹരിക്ക് അടിമയായ കുട്ടികളെ കണ്ടെത്തി വിമുക്തിയുടെ ഡി. അഡിക്ഷന് കേന്ദ്രങ്ങളില്‍ എത്തിച്ച് ചികില്‍സ ലഭ്യമാക്കും.
വിമുക്തിയുടെ ലഹരി മോചന കേന്ദ്രങ്ങളെ കുറിച്ചുള്ള അവബോധവും നല്‍കും. ലഹരി വസ്തുക്കള്‍ ഉപേക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്റര്‍ രചന മത്സരങ്ങള്‍, ലഹരിക്ക് അടിപ്പെട്ടവരുടെ ജീവിതാവസ്ഥ നേരിട്ട് മനസ്സിലാക്കുന്നതിനായി ലഹരി വിമോചന കേന്ദങ്ങളിലെ സന്ദര്‍ശനം എന്നിവയും നടത്തും.
ലഹരി ഉപയോഗം മൂലമുണ്ടാകുന്ന വെല്ലുവിളികള്‍, നിയമവശങ്ങള്‍ എന്നിവയെക്കുറിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരു മാസം എല്ലാ ശനിയാഴ്ചയും കുട്ടികള്‍ക്കായി സംഘടിപ്പിക്കും. അതത് വിഷയങ്ങളിലെ വിദഗ്ധരാണ് ഓണ്‍ലൈന്‍ വിഡിയോ ക്ലാസ് എടുക്കുന്നത്. ലഹരിക്ക് അടിപ്പെട്ടശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിഡിയോ സീരീസും പ്രദര്‍ശിപ്പിക്കും. സോഷ്യല്‍മീഡിയ കാമ്പയിനും എസ്.പി.സി സംഘടിപ്പിച്ചിട്ടുണ്ട്.
പൊലീസിന്റെ യോദ്ധാവ് പരിപാടിയുടെ ഭാഗമായി എല്ലാ കോളജുകളിലും സ്കൂളുകളിലും ആന്റി നാർകോട്ടിക് ക്ലബുകൾ രൂപവത്കരിച്ച് കഴിഞ്ഞു. സ്കൂളിൽ രണ്ട് അധ്യാപകർക്ക് ചുമതല നൽകും. ഇവർക്കും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. നവംബർ ഒന്നിന് ലഹരി വസ്തുക്കൾ കത്തിച്ച് പൊതുഇടങ്ങളിൽ മനുഷ്യച്ചങ്ങല തീർക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതി ജില്ല അസി. നോഡൽ ഓഫിസർ എസ്.ആർ. സുരേഷ് ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

