മഴക്കെടുതി: ഇടുക്കി ജില്ലയില്‍ 183 കോടിയുടെ നാശം
text_fieldsതൊടുപുഴ: ജില്ലയില്‍ ഒക്ടോബര്‍ 16നുണ്ടായ അതിതീവ്ര മഴയിലും തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയില്‍ 183,43,35,300 രൂപയുടെ നാശനഷ്ടം ഇതുവരെ കണക്കാക്കി. 119വീടുകള്‍ പൂർണമായും 391വീടുകള്‍ ഭാഗികമായും തകര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ റോഡുകള്‍ തകര്‍ന്നു. നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരുന്നതായി കലക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു.
പ്രകൃതിക്ഷോഭത്തില്‍ ആകെ 12പേരാണ് മരണപ്പെട്ടത്. കൊക്കയാര്‍ ഉരുള്‍പൊട്ടലില്‍ ഫൗസിയ സിയാദ് (28), അമീന് സിയാദ് (10), അമ്ന സിയാദ് (7), അഫ്സാന ഫൈസല്‍ (8), അഫിയാന്‍ ഫൈസല്‍ (4), ഷാജി ചിറയില്‍ (55), സച്ചു ഷാഹുല്‍ (7). ഒഴുക്കില്‍പെട്ട് പീരുമേട് താലൂക്കിലെ ജോജോ വടശ്ശേരിൽ (44), കൊക്കയാര്‍ വില്ലേജില്‍ ആന്‍സി ബാബു (50), ചേലപ്ലാക്കല്‍ എന്നിവരും തൊടുപുഴയില്‍ വാഹനം വെള്ളപ്പാച്ചിലില്‍ ഒഴുകി കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശി നിഖില്‍ ഉണ്ണികൃഷ്ണന് (29), മൂവാറ്റുപുഴ സ്വദേശി നിമ വിജയന് (31) എന്നിവരും ഉടുമ്പന്‍ചോല പൂപ്പാറയില്‍ ഒഴുക്കില്‍പെട്ട് മോഹനന് (62) എന്നിവരുമാണ് മരിച്ചത്.
കൊക്കയാറില്‍ അടിസ്ഥാന സൗകര്യം പുനഃസ്ഥാപിക്കും –മന്ത്രി റോഷി
ഇടുക്കി: കൊക്കയാര്‍, പെരുവന്താനം ഗ്രാമപഞ്ചായത്തുകളിലെ പ്രളയബാധിത മേഖലയിലെ സാഹചര്യം വിലയിരുത്താനും പുനരധിവാസവും യാത്രപ്രശ്നങ്ങള്‍ ഉള്‍പ്പെടെ പരിഹാരത്തിനുമായി മന്ത്രി റോഷി അഗസ്റ്റിെൻറ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. മുണ്ടക്കയം ഈസ്റ്റിൽ ചേര്‍ന്ന യോഗത്തില്‍ വാഴൂര്‍ സോമന് എം.എല്‍.എ ഉള്‍പ്പെടെ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കെ.കെ റോഡിന് സമാന്തരമായി മറ്റൊരു റോഡ് എന്നത് കഴിഞ്ഞ പ്രളയത്തിനുശേഷം ഏറെ ഗൗരവതരമായി ഉയര്‍ന്ന പ്രശ്നമാണ്.
ആഷ്ലി, ബൈസണ്‍വാലി, മതാമ്മകുളം, ഉറുമ്പിക്കര, വെബ്ലി, കൂട്ടിക്കല്‍, റോഡ് യാഥാർഥ്യമാക്കാനുള്ള ശ്രമം നടത്തുമെന്നു മന്ത്രി പറഞ്ഞു. കൂടാതെ പഞ്ചായത്തുകളിലെ പ്രധാനപ്പെട്ട റോഡുകള്‍ തകര്‍ന്നതും പൊതുമരാമത്ത് റോഡുകളുടെ കുറവും ദുരന്തമേഖല അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ലക്ഷംവീട് കോളനി ഉള്‍പ്പെടെ മേഖലയിലെ അനവധി വീടുകള്‍ അപകട ഭീഷണിയിലാണ്.
കൊക്കയാര്‍ പഞ്ചായത്തില്‍ നാല് പാലങ്ങളും പെരുവന്താനം പഞ്ചായത്തില്‍ രണ്ട് പാലങ്ങളും തകര്‍ന്നു. റോഡുകള്‍ തകര്‍ന്ന് പല മേഖലകളും ഒറ്റപ്പെട്ടു. സ്കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ യാത്ര, പഠനം എന്നിവക്ക് കടുത്ത വെല്ലുവിളിയാകും. ഇക്കാര്യങ്ങള്‍ക്ക് അടിയന്തര പ്രധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
151.34 ഹെക്ടറിൽ വിളനാശം: റോഡുകള്‍ക്കുണ്ടായ ഏകദേശ നാശനഷ്ടം 55 കോടി
ജില്ലയിലെ പ്രാഥമിക കണക്കുകള്‍ പ്രകാരം 151.34 ഹെക്ടര്‍ പ്രദേശത്ത് വിളനാശമാണ് രേഖപ്പെടുത്തിയത്. 4194 കര്‍ഷകരെയാണ് ഇത് ബാധിച്ചത്. 10,92,300 രൂപയുടെ നാശനഷ്ടമാണ് മൃഗസംരംക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായത്.ജില്ലയില്‍ പി.ഡബ്ല്യു.ഡി റോഡുകള്‍ക്കുണ്ടായ ഏകദേശ നാശനഷ്ടം 55 കോടിയാണ്.
99.4 കോടിയുടെ നാശനഷ്ടം ചെറുകിട ജലസേചന വകുപ്പിന് ഉണ്ടായിട്ടുണ്ട്. സംരക്ഷണ ഭിത്തി തകര്‍ന്നുപോയതില്‍ 5,69,40,000 രൂപയടെ നാശനഷ്ടം നേരിട്ടു. കുടിവെള്ള പദ്ധതികള്‍ക്കായി വാട്ടര്‍ അതോറിറ്റിക്ക് ആകെ 1,19,49,000 രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
വീടുകൾ തകർന്ന് 15 കോടിയുടെ നഷ്ടം
ജില്ലയില്‍ 19 വീടുകള്‍ക്ക് പൂര്‍ണമായും 391വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടം സംഭവിച്ചെന്ന് പ്രാഥമികമായി കണ്ടെത്തി. ഇവയുടെ നാശനഷ്ടം കണക്കാക്കി വരുന്നു. ഇതിെൻറ ഏകദേശ നഷ്ടം 15കോടിയാണ്. പീരുമേട് താലൂക്ക് -പൂര്‍ണം - 100 , ഭാഗികം- 256. ഇടുക്കി താലൂക്ക് - ഭാഗികം - 28. തൊടുപുഴ താലൂക്ക് പൂര്‍ണം - 19, ഭാഗികം - 105. ഉടുമ്പന്‍ചോല താലൂക്ക് ഭാഗികം - 2.
ആറ് അണക്കെട്ടുകൾ തുറന്നുതന്നെ
നിലവില്‍ മലങ്കര ഡാമിെൻറ ആറ് ഷട്ടറുകള്‍, കുണ്ടള ഡാമിെൻറ രണ്ട് ഷട്ടറുകള്‍, മാട്ടുപ്പെട്ടി ഡാമിെൻറ ഒരു ഷട്ടര്‍, കല്ലാര്‍കുട്ടി ഡാമിെൻറ സ്ലൂയിസ് വാല്‍വ് 2 എണ്ണം, ലോവര്‍ പെരിയാര്‍ ഡാമിെൻറ രണ്ട് ഷട്ടറുകള്‍, പൊന്മുടി ഡാമിെൻറ ഒരു ഷട്ടര്‍ എന്നിവയും ചെറുതോണി ഡാമിെൻറ ഒരു ഷട്ടറും തുറന്ന് ജലം പുറത്തേക്കൊഴുക്കുന്നു.
മാറ്റിപ്പാര്‍പ്പിച്ചത് 2146 പേരെ
ജില്ലയില്‍ 32 ദുരിതാശ്വാസ ക്യാമ്പുകളിലായി 651 കുടുംബങ്ങളിലെ 2146 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പുരുഷന്മാര്-867, സ്ത്രീകള്‍- 911, കുട്ടികള്‍- 368. ഇതില്‍ ഇടുക്കി ഡാം തുറന്നത് സംബന്ധിച്ച് തുടങ്ങിയ രണ്ട് ക്യാമ്പുകള്‍ ഉള്‍പ്പെടുന്നു. ഇവിടെ ആറ് കുടുംബങ്ങൾ താമസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

