ശാപമോക്ഷം കാത്ത് ആമപ്പാറ സൗരോര്‍ജ പവര്‍ പ്ലാന്റ് പദ്ധതി നശിക്കുന്നത് 16 കോടി മുടക്കി നിർമിച്ച പദ്ധതി
text_fieldsകാടുകയറി നശിക്കുന്ന ആമപ്പാറ പദ്ധതി പ്രദേശം
നെടുങ്കണ്ടം: വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേടിന് സമീപത്തുള്ള ആമപ്പാറയില്‍ 16 കോടി രൂപ മുതല്‍മുടക്കി നിര്‍മിച്ച സൗരോർജ പവർ പ്ലാന്റ് പദ്ധതി കാടുകയറി നശിക്കുന്നു. 2022ല്‍ ഉദ്ഘാടനം ചെയ്ത സോളാര്‍ പ്ലാന്റാണ് വൈദ്യുതി ഉൽപാദനം ആരംഭിക്കാതെ കാടുകയറി നശിക്കുന്നത്. സൗരോര്‍ജം, കാറ്റ് എന്നിവയില്‍നിന്ന് ഒരേസമയം വൈദ്യുതി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയായിരുന്നു ആമപ്പാറ പദ്ധതി. സിഡാക്കിന്റെയും കെല്‍ട്രോണിന്റെയും സാങ്കേതിക സഹായത്തോടെ അനര്‍ട്ടിനായിരുന്നു നിര്‍മാണ ചുമതല.
വര്‍ഷം മുഴുവന്‍ ശക്തമായ കാറ്റ് ലഭിക്കുന്നതും സൂര്യപ്രകാശം ശക്തമായി ലഭിക്കുന്നതുമായ വിശാലമായ പുല്‍മേടുകളോടുകൂടിയ സ്ഥലമാണെന്നതാണ് ഇവിടെ പദ്ധതിയാരംഭിക്കാൻ കാരണം. ഇക്കാരണത്താല്‍ കൂടുതല്‍ കാറ്റാടികളും സോളാര്‍ പാനലുകളും സ്ഥാപിച്ച് വന്‍തോതില്‍ മേഖലയില്‍ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കാന്‍ കഴിയുമെന്ന് വിലയിരുത്തിയിരുന്നു. അഞ്ഞൂറിലധികം പാനലുകള്‍ ഘട്ടം ഘട്ടമായി സ്ഥാപിച്ചുകൊണ്ട് ൈവദ്യുതി ഉൽപാദനം വര്‍ധിപ്പിക്കാനായിരുന്നു അനര്‍ട്ടും ൈവദ്യുതി ബോര്‍ഡും ലക്ഷ്യമിട്ടിരുന്നത്.
നിർമാണമാരംഭിച്ചത് 2018ൽ
2018ലാണ് രാമക്കല്‍മേടിന് സമീപം ആമപ്പാറയില്‍ സൗരോര്‍ജ പ്ലാന്റിന്റെ നിര്‍മാണം ആരംഭിച്ചത്. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് 3 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനായിരുന്നു പദ്ധതി. ആദ്യഘട്ടത്തില്‍ സോളാറില്‍ നിന്ന് ഒരു മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും. പിന്നീട് പദ്ധതി വിജയകരമായാല്‍ ശേഷി 3 മെഗാവാട്ടായി ഉയര്‍ത്താനുമായിരുന്നു തീരുമാനം. 2022 മുതല്‍ ഒരു മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിച്ച് വൈദ്യുതി ബോര്‍ഡിന് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.
അനര്‍ട്ട്, സിഡാക്, കെല്‍ട്രോണ്‍ എന്നീ ഏജന്‍സികളുടെ സംയുക്ത സംരംഭമാണിത്. സിഡാക് തദ്ദേശീയമായി വികസിപ്പിച്ച ഗ്രിഡ്‌ടൈ ഇന്‍വെര്‍ട്ടര്‍ സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സൗരോര്‍ജത്തില്‍നിന്നും കാറ്റില്‍നിന്നും ഒരേ സമയം വൈദ്യുതി ഉല്‍പാദിപ്പിച്ച്, പ്രസരണലൈനുകളിലേക്ക് കടത്തിവിടുന്ന സംവിധാനമാണിത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നാലേക്കറോളം വരുന്ന സ്ഥലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. നെടുങ്കണ്ടം 66 കെ.വി സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കാന്‍ 11 കെ.വി ഫീഡറും തയാറാക്കി. 2022ല്‍തന്നെ ഉദ്ഘാടനവും നടത്തി.
ഈ കാലയളവില്‍ ട്രയല്‍ റണ്ണിനായി ഏതാനും ദിവസം വൈദ്യുതി ഉൽപാദിപ്പിച്ചെങ്കിലും പിന്നീട് പ്ലാന്റിന്റെ പ്രവര്‍ത്തനം പൂർണമായും നിലക്കുകയായിരുന്നു. 147 ഹെക്ടര്‍ ഭൂമിയാണ് അനര്‍ട്ടിന് ഇവിടെയുള്ളത്. അക്ഷയ ഊര്‍ജ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ കാറ്റാടിപ്പാടം യൂനിറ്റുകള്‍ സ്ഥാപിച്ച്, കാറ്റാടി യന്ത്രങ്ങള്‍ വഴി വൈദ്യുതി ഉല്‍പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് നല്‍കുക എന്നതായിരുന്നു ലക്ഷ്യം. ഒന്നാംഘട്ടം പരാജയപ്പെട്ടതോടെ രണ്ടാംഘട്ടത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍പോലും ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.
സോളാര്‍, കാറ്റാടി പദ്ധതികള്‍ക്ക് ഏറ്റവും അനുയോജ്യമായ പ്രദേശമാണ് കേരളം-തമിഴ്‌നാട് അതിര്‍ത്തി മേഖലയായ രാമക്കല്‍മേട്. സൗരോര്‍ജത്തില്‍നിന്നും കാറ്റില്‍നിന്നും ഒരേസമയം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി കണ്ടെത്തിയ കേരളത്തിലെ ഏക പ്രദേശമാണിവിടം. എന്നാൽ, അധികൃതരുടെ അനാസ്ഥയും വകുപ്പുകളുടെ ഏകോപനമില്ലായ്മയും വില്ലനായതോടെ കോടികളുടെ പദ്ധതിക്ക് അകാലചരമം സംഭവിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

