ഇടുക്കിയിൽ പൊലീസ് സ്ഥാപിച്ച 16 എ.എൻ.പി.ആർ കാമറകൾക്ക് ചെലവായത് 65 ലക്ഷം മാത്രം
text_fieldsമുട്ടം: കേരള പൊലീസ് റോഡ് സുരക്ഷ പദ്ധതിയുടെ ഭാഗമായി ജില്ല പൊലീസ് സ്ഥാപിച്ച 16 കാമറകൾക്ക് ചെലവായത് 65 ലക്ഷം രൂപ മാത്രം.
എ.എൻ.പി.ആർ കാമറ,കമ്പ്യൂട്ടർ സെർവർ സിസ്റ്റം, ജി.എസ്.ടി, മെയിന്റനൻസ് ഫീസ്, കാമറ തൂൺ തുടങ്ങി എല്ലാത്തിനും കൂടി ചെലവായതാണ് ഈ തുക. അതായത് ഒരു കാമറക്ക് ശരാശരി ചെലവായത് മറ്റ് എല്ലാ ചെലവുകളും ഉൾെപ്പടെ നാല് ലക്ഷം രൂപ. സംസ്ഥാന സർക്കാർ കോടികൾ മുടക്കി കാമറ സ്ഥാപിച്ചപ്പോഴാണ് ചുരുങ്ങിയ മുതൽ മുടക്കിൽ അതേ നിലവാരത്തിലുള്ള എ.എൻ.പി.ആർ കാമറകൾ ജില്ല പൊലീസിന് സ്ഥാപിക്കാനായത്. അമിതവേഗത്തിൽ ചീറിപ്പായുന്ന വാഹനങ്ങളുടെ പോലും നമ്പർ പ്ലേറ്റ് ഒപ്പിയെടുക്കാൻ കഴിയുന്നതാണ് എ.എൻ.പി.ആർ കാമറകൾ.
ഇരുചക്ര വാഹനങ്ങളിലെ ഹെൽമറ്റില്ലാതെയുള്ള യാത്ര, ഇരുചക്രവാഹനത്തിലെ ട്രിപ്പിൾ സീറ്റ് യാത്ര, സീറ്റ് ബെൽറ്റ് ഇടാതെയുള്ള കാർ യാത്ര, നമ്പർ പ്ലേറ്റിലെ കൃത്രിമം ഇവയെല്ലാം യഥാസമയം ഒപ്പിയെടുത്ത് സെർവറിലേക്ക് നൽകും. നിയമ ലംഘനം കാമറ ഒപ്പി എടുക്കുന്ന ഉടൻ തന്നെ വാഹന ഉടമയുടെ ഫോണിലേക്ക് സന്ദേശം എത്തും. നിയമലംഘനവും അതിെൻറ എച്ച്.ഡി ഫോട്ടോയും ഉൾെപ്പടെ വ്യക്തമാക്കുന്ന ലിങ്ക് ആണ് ഉടമയുടെ ഫോണിലേക്ക് എത്തുക. ദിവസത്തിൽ 24 മണിക്കൂറും നിരീക്ഷിക്കുന്ന വിഡിയൊ കാമറയിലെ ദ്യശ്യങ്ങൾ മാസങ്ങളോളം സൂക്ഷിച്ച് വെക്കാനും കഴിയും. അപകടം വരുത്തി നിർത്താതെ പോകുന്ന വാഹനങ്ങൾ. അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾ, ലഹരി വസ്തുക്കൾ കടത്തിപോകുന്ന വാഹനങ്ങൾ, മോഷണങ്ങൾ തുടങ്ങിയവയും കാമറ ഒപ്പിയെടുക്കും. ഇതേ സംവിധാനങ്ങൾ തന്നെയാണ് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച കാമറകളിൽനിന്നും ലഭിക്കുന്നതും. ഇതര സംസ്ഥാനങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും പൊലീസ് ഉപയോഗിക്കുന്നതും എ.എൻ.പി.ആർ കാമറകളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.