പഴിചാരി അധികൃതർ; പത്താംമൈലിൽ ഹൈമാസ്റ്റ് ലൈറ്റ് മിഴിതുറന്നില്ല
text_fieldsപത്താംമൈൽ ടൗണിലെ പ്രകാശിക്കാത്തെ ഹൈമാസ്റ്റ് ലൈറ്റ്
അടിമാലി: ദേശീയപാത രണ്ടുവരി പാതയായി നവീകരിക്കുന്നതിന്റെ ഭാഗമായി എടുത്തുമാറ്റിയ ഹൈമാസ്റ്റ് ലൈറ്റ് തിരികെ സ്ഥാപിച്ചെങ്കിലും പ്രകാശം മാത്രമില്ല. ദേശീയപാതയിൽ വാളറ പത്താം മൈൽ ടൗണിലെ ഹൈമാസ്റ്റ് ലൈറ്റാണ് പ്രകാശിക്കാതെ കിടക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ദേശീയപാത നവീകരണത്തിന്റെ ഭാഗമായിട്ടാണ് അഴിച്ചുമാറ്റിയത്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇവ തിരികെ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, ഇതിലുണ്ടായിരുന്ന എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാത്തതാണ് വെളിച്ചത്തിന് തടസ്സമായി മാറിയത്. ഇവ പഞ്ചായത്താണ് അഴിച്ചുകൊണ്ടുപോയതെന്നും പഞ്ചായത്തുതന്നെ തുടർനടപടി സ്വീകരിക്കണമെന്നുമാണ് ദേശീയപാത അധികൃതരുടെ ഭാഷ്യം. എന്നാൽ, ലൈറ്റിന്റെ പല സാമഗ്രികളും നഷ്ടമായെന്നും ഇത് പുനഃസ്ഥാപിക്കാൻ ആവശ്യമായ പണം ദേശീയപാത അധികൃതർ നൽകണമെന്നുമാണ് പഞ്ചായത്തധികൃതരുടെ നിലപാട്.
മൂന്നാർ വിനോദസഞ്ചാര കേന്ദ്രത്തിന്റെ കവാടമാണ് പത്താംമൈൽ ടൗൺ. രാപ്പകൽ വ്യത്യാസമില്ലാതെ വിനോദസഞ്ചാരികളുടെ സാന്നിധ്യം ഇവിടെയുണ്ട്. ടൗണിലെ കടകൾ അടക്കുന്നതോടെ ഇവിടെ ഇരുട്ടിലാകും. പിന്നെ തെരുവുനായ്ക്കളും മറ്റും താവളമാക്കുന്നതോടെ സഞ്ചാരികൾക്കും നാട്ടുകാർക്കും വലിയ ഭീഷണിയാണ്. ഈ സാഹചര്യത്തിൽ ഹൈമാക്സ് ലൈറ്റ് തെളിയിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

