2024ൽ പിടികൂടിയത് 101 കിലോ കഞ്ചാവ്: ലഹരിക്കേസുകളിൽ വർധന
text_fieldsപ്രതീകാത്മക ചിത്രം
തൊടുപുഴ: ജില്ലയിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസുകൾ വർധിക്കുന്നു. ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയും കഞ്ചാവും ഹാഷിഷ് ഓയിലുമാണ് കഴിഞ്ഞ 12 മാസത്തിനിടെ എക്സൈസ് അധികൃതർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞ വർഷം ജില്ലയിൽ എക്സൈസ് അധികൃതർ പിടികൂടിയത് 101 കിലോ കഞ്ചാവാണ്. സിന്തറ്റിക് ഡ്രഗുകളുടെ ഉപയോഗവും വിപണനവും ജില്ലയിൽ കൂടിവരുന്നതായാണ് എക്സൈസിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
ഇക്കാലയളവിൽ 15.196 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. അര ഗ്രാമിന് മുകളിൽ കൈവശം വെച്ചാൽ പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ലഹരിക്കടത്തിന് ഓൺലൈൻ വഴിയുള്ള ഇടപാടുകളും ജില്ലയിൽ സജീവമാണ്.
പൊതു ഇടങ്ങളും നഗരത്തോട് ചേർന്നുള്ള ഗ്രാമ പ്രദേശങ്ങളും ലഹരി കൈമാറ്റത്തിനായി ലഹരി മാഫിയ ഉപയോഗിക്കുന്നുണ്ട്. സംഭവവുമായി പിടിയിലാകുന്നവരെല്ലാം ഇടനിലക്കാരാണ്. പരിശോധന വ്യാപകമാക്കിയ സാഹചര്യത്തിലാണ് പിടികൂടുന്ന കേസുകളുടെ എണ്ണം വർധിക്കുന്നതെന്ന് അധികൃതർ പറയുമ്പോഴും പിടികൂടുന്ന കേസുകൾ പരിശോധിച്ചാൽ ലഹരിയുടെ സ്വാധീനം ജില്ലയിൽ വർധിക്കുന്നതായാണ് കണക്കുകൾ.
കഴിഞ്ഞ വർഷം ജില്ലയിൽ 10075 പരിശോധനകളാണ് എക്സൈസിന്റെ നേതൃത്വത്തിൽ നടന്നത്. 83 കഞ്ചാവ് ചെടികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിച്ചെടുത്തു. 3.225 ഗ്രാം ഹഷീഷ് , 2965.204 ഗ്രാം ഹഷീഷ് ഓയിൽ, 0.039 എൽ.എസ്.ഡി എന്നിവയാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

