10 വർഷം; വന്യമൃഗ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവർ
text_fieldsതൊടുപുഴ: ഒരിടവേളക്ക് ശേഷം ജില്ലയിൽ വീണ്ടും വന്യമൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുന്നു. കുറച്ചു ദിവസങ്ങളായി ആന, പുലി എന്നിവയുടെ ശല്യം വിവിധ ഇടങ്ങളിൽ ജന ജീവിതത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ആവർത്തിച്ച് വരുന്ന വന്യ മൃഗ ശല്യത്തെ തുടർന്ന് പലരും വീടും നാടും ഉപജീവനവും വിട്ട് പ്രദേശം വിട്ട് പോകേണ്ട അവസ്ഥയാണ്.
വന്യമൃഗ പ്രതിരോധത്തിനായി കോടികൾ ചിലവഴിക്കുമ്പോഴും ഇവിടങ്ങളിലെ ജന ജീവിതം ദുരിതത്തിലാണ്. കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ 71 പേരാണ് ജില്ലയിൽ വന്യ ജീവികളുടെ ആക്രമണത്തിൽ മരിച്ചത്. 429 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഷ്ടപരിഹാര ഇനത്തിൽ മാത്രം മരണപ്പെട്ടവരുടെ ആശ്രിതർക്ക് നാലരക്കോടി രൂപയാണ് നൽകിയത്.
ഹൈറേഞ്ച് മേഖലകളിലും വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും വന്യമൃഗ ശല്യം അതിരൂക്ഷമാണ്. ഒറ്റക്കും കൂട്ടായും എത്തുന്ന കാട്ടാനകളടക്കം വീടും കൃഷിയും നശിപ്പിക്കുന്നു. ആനയെ പേടിച്ച് പുറത്തിറങ്ങാത്തതിനാലാണ് പലരും രക്ഷപ്പെടുന്നത്.
തൊടുപുഴക്ക് സമീപം മുള്ളരിങ്ങാട് പ്രദേശത്ത് അടിക്കടി കാട്ടാനയുടെ ശല്യമുണ്ട്. പുതുവർഷ ദിനത്തിൽ മൂന്നാർ ചൊക്കനാട് സ്വദേശി പുണ്യവേലിന്‍റെ പല ചരക്ക് കട 23 ാം തവണ കാട്ടാന നശിപ്പിച്ചു. അരി ഉൾപ്പെടെയുള്ള സാധനങ്ങൾ തിന്ന് നശിപ്പിക്കുകയും ചെയ്തു. പടയപ്പ എന്ന് വിളിക്കുന്ന കാട്ടാനയാണ് ഇത്തവണ കട നശിപ്പിച്ചത്. കഴിഞ്ഞ 22 തവണയും കാട്ടാനക്കൂട്ടങ്ങൾ കടക്ക് നേരെ ആക്രമണം നടത്തിയിരുന്നു.
മറയൂരിന് സമീപം കട്ടിയനാട് മൂന്ന് പശുക്കളെ കടുവ കടിച്ചു കൊന്നത് കഴിഞ്ഞ ദിവസമാണ്. മേയാൻ വിട്ട പശുക്കളെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ഉടമകളാണ് ആക്രമണത്തിൽ ഇവ ചത്തതായി കണ്ടെത്തിയത്. കൂടാതെ വെള്ളിയാഴ്ച ഇടുക്കി കഞ്ഞിക്കുഴി വാകച്ചുവട്ടിൽ രണ്ടാമതും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് കാമറ സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വിവിധ ഇടങ്ങളിൽ കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

