10 വർഷം; ജില്ലയിൽ ആരംഭിച്ചത് 14,000ത്തോളം സംരംഭങ്ങൾ
text_fieldsതൊടുപുഴ: പത്ത് വർഷത്തിനിടെ ഇടുക്കിയിൽ പ്രവർത്തനമാരംഭിച്ചത് 13,977 സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ. വ്യവസായ വകുപ്പിന് കീഴിൽ ജില്ലയിലെ വിവിധ ബ്ലോക്ക് പരിധികളിലായാണ് സംരംഭങ്ങൾക്ക് തുടക്കമായത്. ജില്ലയിലാരംഭിച്ച സംരംഭങ്ങളിൽ പകുതിയോളം സ്ത്രീകളുടെ നേതൃത്വത്തിലാണെന്നും കണക്കുകൾ പറയുന്നു. 2016-21 കാലഘട്ടത്തിൽ ജില്ലയിൽ ആരംഭിച്ചത് 1486 ചെറുകിട സൂക്ഷ്മ സംരംഭങ്ങളായിരുന്നു. എന്നാൽ 2022 മുതൽ സർക്കാർ സംരംഭകത്വ വർഷ പ്രഖ്യാപനവുമായി വിവിധ പ്രോത്സാഹന പരിപാടികൾ പ്രഖ്യാപിച്ചതോടെ ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടായതായി കണക്കുകൾ പറയുന്നു.
2021-26 കാലയളവിൽ മാത്രം ജില്ലയിൽ 12,491 സംരംഭങ്ങളാണ് പ്രവർത്തനം ആരംഭിച്ചത്. 2021-22ൽ ജില്ലയിൽ 515 സംരംഭങ്ങൾ മാത്രം ആരംഭിച്ച സ്ഥാനത്ത് 2022-23ൽ 4112 എണ്ണമായി വൻ വർധനവ് രേഖപ്പെടുത്തി. തൊട്ടടുത്ത വർഷങ്ങളിലും ഈ മികവ് തുടർന്നിട്ടുണ്ട്. 2023-24ൽ 3403, 2024-25ൽ 3627, 2025-26ൽ 1015, ഈ വർഷം ഇതുവരെ 19 എന്നിങ്ങനെയാണ് വ്യവസായ വകുപ്പിന്റെ കണക്കിൽ ജില്ലയിൽ പ്രവർത്തനം ആരംഭിച്ച വ്യവസായ സംരംഭങ്ങൾ.
പ്രവർത്തനം നിലച്ച് 2500ലേറെ സംരംഭങ്ങൾ
പത്ത് വർഷത്തിനിടെ ജില്ലയിൽ പൂട്ടിപ്പോയത് 2595 സംരംഭങ്ങളാണെന്നാണ് വ്യവസായ വകുപ്പിന്റെ കണക്ക്. ഇതിൽ 2016-21 കാലഘട്ടത്തിൽ ജില്ലയിൽ 615 സംരംഭങ്ങൾ പ്രവർത്തനം നിലച്ചപ്പോൾ 2021-26ൽ 1980 സംരംഭങ്ങളാണ് പൂട്ടിയത്. കഴിഞ്ഞ സർക്കാർ സംരംഭക വർഷം കാമ്പയിൻ ആരംഭിച്ച് സംരംഭങ്ങൾ ആരംഭിക്കാനായി ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. സംരംഭങ്ങൾ വഴി പുതിയ തൊഴിലവസരങ്ങൾ ഉറപ്പിക്കുന്നതിനും സംരംഭകർക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി പുതിയ സംരംഭകർക്കായി കുറഞ്ഞ പലിശക്ക് വായ്പ, സബ്സിഡികൾ, സാങ്കേതിക പിന്തുണ, മാർക്കറ്റിങ് സഹായങ്ങൾ എന്നിവ സർക്കാർ തലത്തിൽ ജില്ല വ്യവസായ കേന്ദ്രങ്ങൾ വഴി നൽകിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

