Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2021 5:28 AM IST Updated On
date_range 18 Jan 2021 5:28 AM ISTസഞ്ചാരികളുടെ വരവ് വർധിച്ചു; മാലിന്യം നിറഞ്ഞ് മൂന്നാർ Leed pege4
text_fieldsbookmark_border
ഇടുക്കി: വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ മൂന്നാറിൽ മാലിന്യം വലിച്ചെറിയുന്നതും ഇതുവഴി നിരത്തുകളിൽ മാലിന്യം നിറയുന്നതും വ്യാപകമായി. പഴയമൂന്നാർ, മാട്ടുപ്പട്ടി, ഫോട്ടോ പോയൻറ്, കുണ്ടള, എക്കോ പോയൻറ് എന്നിവിടങ്ങളിലാണ് ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യവും കൂടിക്കിടക്കുന്നത്. മൂന്നാർ സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾ ഭൂരിഭാഗവും വീടുകളിൽനിന്ന് ഭക്ഷണം ഉണ്ടാക്കിക്കൊണ്ടുവരുന്നവരാണ്. ചിലർ ഒഴിഞ്ഞ സ്ഥലങ്ങളിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കും. ഈ രണ്ടു കൂട്ടരുമാണ് ഭക്ഷണം കഴിച്ചശേഷം പേപ്പർ പ്ലേറ്റുകളും പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടവും അതത് ഇടങ്ങളിൽ വലിച്ചെറിയുന്നത്. പ്രധാന റോഡുകളിൽനിന്ന് ദൂരെയുള്ള സ്ഥലങ്ങളിൽ വലിച്ചെറിയുന്ന ഇത്തരം മാലിന്യം വൃത്തിയാക്കാത്തതുമൂലം കിടന്ന് ചീഞ്ഞ് ദുർഗന്ധമുണ്ടാകുന്നതും പതിവാണ്. കടകളിൽനിന്ന് വാങ്ങുന്ന സാധനങ്ങളുടെ പ്ലാസ്റ്റിക് കവർ അശ്രദ്ധമായി ഉപേക്ഷിക്കുന്നതും വർധിച്ചിട്ടുണ്ട്. വരുന്നു, ഹരിത ടൂറിസം പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കൊണ്ടുവരുന്നതും വലിച്ചെറിയുന്നതും തടയുന്നതിന് മൂന്നാർ, ദേവികുളം പഞ്ചായത്ത് അതിർത്തികളിലെ പ്രധാന പാതകളിൽ ഹരിത ചെക്പോസ്റ്റുകൾ സ്ഥാപിക്കുന്നതിന് തീരുമാനമുണ്ട്. കഴിഞ്ഞദിവസം കലക്ടറുടെ നേതൃത്വത്തിൽ ഉന്നതതല യോഗത്തിലാണ് ചെക്പോസ്റ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഏതൊക്കെ സ്ഥലങ്ങളിലാണ് ചെക്പോസ്റ്റുകൾ സ്ഥാപിക്കേണ്ടതെന്ന് രണ്ടാഴ്ചക്കകം അറിയിക്കാൻ ജില്ല ഹരിതകേരളം മിഷന് കലക്ടർ നിർദേശംനൽകി. മാലിന്യം കൊണ്ടുവരുന്നതും വലിച്ചെറിയുന്നതും തടയുന്നതിന് പ്രത്യേക ഹരിതകർമസേനയെ മൂന്നാറിൽ നിയമിക്കും. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, വിവിധ കച്ചവടസ്ഥാപനങ്ങൾ എന്നിവക്ക് ശാസ്ത്രീയ മാലിന്യപരിപാലനം സംബന്ധിച്ച് പ്രത്യേക ബോധവത്കരണം നടത്താനും മൂന്നാർ പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങൾക്കും വീടുകൾക്കും ഉറവിടമാലിന്യ സംസ്കരണ സംവിധാനം ഒരുക്കാനും നിശ്ചയിച്ചിട്ടുണ്ട്. പ്രധാന പാതകളിൽ ഹരിത ചെക്പോസ്റ്റുകൾ സ്ഥാപിച്ച്, വാഹനങ്ങൾ ഹരിതകർമ സേനാംഗങ്ങൾ പരിശോധിക്കും. പ്ലാസ്റ്റിക് വസ്തുക്കൾ വാങ്ങിയശേഷം പ്രകൃതിക്കിണങ്ങുന്ന കാരിബാഗുകൾ ഉൾെപ്പടെ നൽകുകയും മാലിന്യം വലിച്ചെറിയുന്നതിനെതരെ ബോധവത്കരണം നടത്തുകയും ചെയ്യുന്നതോടെ മാലിന്യപ്രശ്നം പരിഹരിക്കാനായേക്കും. കത്തിയ മോട്ടോർ അതേപടി; രണ്ടുവർഷമായി 25 കുടുംബങ്ങൾക്ക് കുടിവെള്ളമില്ല കട്ടപ്പന: കത്തിനശിച്ച മോട്ടോർ പുനഃസ്ഥാപിക്കാനാകാത്തതുകൊണ്ടുമാത്രം പ്രദേശത്തെ 25 കുടുംബങ്ങൾ ശുദ്ധജലത്തിന് രണ്ടുവർഷമായി നെട്ടോട്ടം. നഗരസഭ മേഖലയിലെ കൊങ്ങിണിപ്പടവ് കുരിശുമല ശുദ്ധജല പദ്ധതിയുടെ ഗുണഭോക്താക്കളാണ് കുടിവെള്ളം ലഭ്യമല്ലാത്തതിനാൽ ബുദ്ധിമുട്ടുന്നത്. 1999-2000 വർഷത്തിൽ ജില്ല പഞ്ചായത്തിൻെറ ഫണ്ട് വിനിയോഗിച്ചാണ് ശുദ്ധജല പദ്ധതി ആരംഭിച്ചത്. കൊങ്ങിണിപ്പടവ് അംഗൻവാടിക്ക് സമീപത്തെ കുളത്തിൽനിന്ന് ഡീസൽ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പുചെയ്ത് ടാങ്കിൽ എത്തിച്ചശേഷം വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. ഗുണഭോക്താക്കൾ പിരിവെടുത്ത് അറ്റകുറ്റപ്പണികളും മറ്റും നടത്തിയാണ് പദ്ധതി മുന്നോട്ടുപോയിരുന്നത്. 2018ൽ ഡീസൽ മോട്ടോർ കത്തിനശിച്ചതോടെയാണ് പദ്ധതി ഉപയോഗശൂന്യമായത്. വാഹനങ്ങളിലും മറ്റും ശുദ്ധജലം എത്തിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. 1000 ലിറ്റർ വെള്ളം എത്തിക്കണമെങ്കിൽ 800 രൂപ ചെലവാകുമെന്ന് ഇവർ പറയുന്നു. വൈദ്യുതി കണക്‌ഷൻ ലഭ്യമാക്കി പുതിയ മോട്ടോർ സ്ഥാപിച്ച് പദ്ധതി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ശുദ്ധജല പദ്ധതിക്കായി നിലവിൽ ഫണ്ടുകൾ ഒന്നും ലഭ്യമായിട്ടില്ലെന്ന് വാർഡ് കൗൺസിലർ ജൂലി റോയി. പുതിയ ഭരണസമിതി അധികാരത്തിൽ എത്തിയതേയുള്ളൂ. പദ്ധതി പുനരാരംഭിക്കാൻ ഫണ്ട് അനുവദിക്കേണ്ടതുണ്ട്. ഈ പദ്ധതിക്ക് മുൻഗണന നൽകും. പദ്ധതി പുനഃസ്ഥാപിക്കാൻ കലക്ടർ നഗരസഭക്ക് നിർദേശം നൽകിയതിനെ തുടർന്ന് എസ്റ്റിമേറ്റ് എടുത്തതല്ലാതെ തുടർനടപടി ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story