Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTതേവര -പേരണ്ടൂർ കനാൽ ശുചീകരണം: പൂർത്തിയായത് 35 ശതമാനം മാത്രമെന്ന് കോർപറേഷൻ
text_fieldsbookmark_border
കൊച്ചി: തേവര -പേരണ്ടൂർ കനാൽ ശുചീകരണ പ്രവൃത്തികളുടെ 35 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്ന് കൊച്ചി കോർപറേഷൻ ഹൈകോടതിയിൽ. സ്റ്റേഡിയം ലിങ്ക് റോഡ് 90 ശതമാനം (2.16 കോടി), കാരണക്കോടം തോട്, അടിമുറി തോട് 70 ശതമാനം (2.83 കോടി), ചങ്ങാടംപോക്ക് തോട് 65 ശതമാനം (1.61 കോടി) തുടങ്ങിയ ജോലികൾ പൂർത്തിയാക്കിയതായി കോർപറേഷൻ സെക്രട്ടറി ആർ. രാഹുൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. മറ്റ് ചെറിയ ജോലികൾക്കായി 17.19 കോടിയും ചെലവഴിച്ചു. കനാൽ വൃത്തിയാക്കാൻ 20 കോടിയുടെ അനുമതിയാണ് ലഭിച്ചത്. 2018 ജൂൺ 19ന് ജോലികൾ തുടങ്ങി. കോർപറേഷൻ എൻജിനീയർമാർ നന്നായി ശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യമായ സാങ്കേതിക പിന്തുണയില്ലാത്തതിനാൽ ജോലികൾ കാര്യക്ഷമമായി നടത്താനാകുന്നില്ല. രൂപരേഖ തയാറാക്കലടക്കം കാര്യങ്ങൾക്ക് സാങ്കേതിക പഠനങ്ങളൊന്നും നടത്തിയിട്ടില്ല. വിദഗ്ധ ഏജൻസിയുടെ സാങ്കേതിക പിന്തുണയും ആവശ്യമാണ്. വെള്ളം ഒഴുകിപ്പോകാൻ കനാലിൻെറയും ഓടകളുടെയും മാപ്പിങ്ങും നടത്തേണ്ടതുണ്ട്. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ കനാലുകളുടെയും കാനകളുടെയും ശേഷി സംബന്ധിച്ച വിവരങ്ങളും അനിവാര്യമാണ്. ജൂലൈ 29 ലെ വെള്ളക്കെട്ടിന് കാരണം രാത്രി ഒന്നു മുതൽ രാവിലെ ഒമ്പത് വരെ പെയ്ത കനത്ത മഴയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വേലിയേറ്റം ശക്തമായതിനാൽ മുല്ലശ്ശേരി കനാലിൽനിന്ന് വെള്ളം കായലിലേക്ക് ഇറങ്ങുന്നതിനും തടസ്സമായി. കനാലിൻെറ തുടക്കഭാഗത്ത് കൂടുതൽ മോട്ടോറുകൾ സ്ഥാപിച്ചാൽ വെള്ളം കായലിലേക്ക് പമ്പ് ചെയ്ത് കളയാനാകും. എം.ജി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കാന വൃത്തിയാക്കുന്നുണ്ട്. പനമ്പിള്ളി നഗറിലെ പരിഹാരത്തിന് കലുങ്ക് പുനർനിർമിക്കുകയും സ്റ്റേഡിയം ലിങ്ക് റോഡിലെ പ്രശ്ന പരിഹാരത്തിന് ചങ്ങാടം പോക്ക് - കാരണക്കോടം കനാലുകൾ തമ്മിൽ ബന്ധിപ്പിക്കുകയും വേണം. സൗത്ത് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, കാരിക്കാമുറി എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മുല്ലശ്ശേരി കനാലിലെയും പേരണ്ടൂർ കനാലിലെയും നീരൊഴുക്ക് ക്രമപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story