Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:38 AM IST Updated On
date_range 28 May 2022 5:38 AM ISTകുടിവെള്ള പദ്ധതിയുടെ വൈദ്യുതി വിച്ഛേദിച്ചു; 300 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി
text_fieldsbookmark_border
കട്ടപ്പന: വൈദ്യുതി ബിൽ കുടിശ്ശിക അടക്കാത്തതിനെത്തുടർന്ന് വന്നതോടെ കല്ല്കുന്ന് കുടിവെള്ള പദ്ധതിയുടെ കണക്ഷൻ കെ.എസ്.ഇ.ബി വിച്ഛേദിച്ചു. വെള്ളിയാഴ്ച് രാവിലെ 10.30ഓടെയാണ് വലിയകണ്ടത്തുള്ള പമ്പ് ഹൗസിലേക്കുള്ള കണക്ഷൻ വിച്ഛേദിച്ചത്. ഇതോടെ മുന്നൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമായ കുടിവെള്ള പദ്ധതിയിൽനിന്നുള്ള ജലവിതരണം അവതാളത്തിലായി. 2018 മുതലുള്ള വൈദ്യുതി ബിൽ കുടിശ്ശികയായ 16 ലക്ഷം രൂപ വെള്ളിയാഴ്ച ഉച്ചക്ക് 12ന് മുമ്പ് അടക്കണമെന്നുകാണിച്ച് കട്ടപ്പന സെക്ഷൻ സീനിയർ സൂപ്രണ്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, കുടിശ്ശിക തീർക്കാൻ നഗരസഭയോ ജല അതോറിറ്റിയോ തയാറായില്ല. ഈമാസം 26വരെ 16.50 ലക്ഷമാണ് കുടിശ്ശിക. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം പലിശയിനത്തിൽ 63,952 രൂപ ഇളവ് ചെയ്ത് നൽകാമെന്നും പദ്ധതിയുടെ ഉടമസ്ഥാവകാശമുള്ള നഗരസഭ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. 2021 ഫെബ്രുവരിയിൽ നഗരസഭ കൗൺസിലെടുത്ത തീരുമാനപ്രകാരം ജല അതോറിറ്റിക്ക് കുടിവെള്ള പദ്ധതി കൈമാറിയെന്നാണ് സെക്രട്ടറിയുടെ മറുപടി. പദ്ധതിയുടെ 319 ഗുണഭോക്താക്കളിൽനിന്ന് പണം പിരിക്കുന്നത് അതോറിറ്റിയാണെന്നും അതിനാൽ വൈദ്യുതി ബിൽ അടക്കാൻ നഗരസഭക്ക് നിയമപരമായ തടസ്സമുണ്ടെന്നുമാണ് സെക്രട്ടറി കെ.എസ്.ഇ.ബിക്ക് നൽകിയ മറുപടി. അതേസമയം, പദ്ധതിയുടെ ഉടമസ്ഥാവകാശം നഗരസഭ കൈമാറി നൽകിയിട്ടില്ലെന്നാണ് അതോറിറ്റിയുടെ വാദം. കഴിഞ്ഞ നവംബറിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിധ്യത്തിൽ പ്രശ്നം പരിഹരിക്കാൻ നടത്തിയ ചർച്ചയിൽ കുടിശ്ശിക നഗരസഭ അടച്ചുതീർത്ത് ഉടമസ്ഥാവകാശം അതോറിറ്റിക്ക് കൈമാറണമെന്നായിരുന്നു തീരുമാനം. എന്നാൽ, പിന്നീട് നഗരസഭ വിഷയത്തിൽ മലക്കംമറിഞ്ഞെന്നും ഉദ്യോഗസ്ഥർ പറയുന്നു. കുടിശ്ശിക മുഴുവൻ അടച്ചുതീർത്തെങ്കിൽ മാത്രമേ വൈദ്യുതി കണക്ഷൻ ജല അതോറിറ്റിയുടെ പേരിലേക്ക് മാറ്റിനൽകാൻ കഴിയൂ എന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story