Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2021 5:28 AM IST Updated On
date_range 16 May 2021 5:28 AM ISTഉടുമ്പൻചോലയിൽ ഉരുള്‍പൊട്ടല്‍ ഭീഷണി; 14 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
text_fieldsbookmark_border
* ചെമ്മണ്ണാറിൽ മണ്ണിടിഞ്ഞു നെടുങ്കണ്ടം: ശക്തമായ കാറ്റിലും മഴയിലും ഉടുമ്പന്‍ചോല താലൂക്കില്‍ വ്യാപക നാശം. നാല് വീടുകള്‍ പൂർണമായും 25 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ 14 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മഴ ശക്തമായാല്‍ ആനവിലാസത്ത് 13 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉടുമ്പന്‍ചോല താലൂക്ക് അധികൃതര്‍ നടപടി അരംഭിച്ചു. കഴിഞ്ഞ ദിവസം മലയിടിച്ചിലുണ്ടായ ചെമ്മണ്ണാറിലെ കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ചെമ്മണ്ണാറിലെ സ്‌കൂളിലാണ് ക്യാമ്പ് തുറന്നത്. നെടുങ്കണ്ടം മിനി സിവില്‍ സ്‌റ്റേഷനില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. താലൂക്കിൻെറ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു. വെള്ളിയാഴ് പകലും രാത്രിയിലും പെയ്ത കനത്ത മഴയിലും കാറ്റിലും രാമക്കല്‍മേട് കാറ്റാടിപാടത്തിന് സമീപം വ്യാപകമായ നാശനഷ്ടമുണ്ടായി. നെടുങ്കണ്ടം ചെമ്മണ്ണാര്‍ ഏഴരയേക്കറില്‍ വീണ്ടും മലയിടിച്ചില്‍ ഉണ്ടായി. കഴിഞ്ഞയാഴ്ച ഇടിഞ്ഞ മലയുടെ അവശേഷിച്ച ഭാഗത്ത് സ്ഥിതിചെയ്ത കൂറ്റന്‍ പാറയാണ് അടിവാരത്തേക്ക് പതിച്ചത്. പ്രദേശത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. മുമ്പ് മലയിടിഞ്ഞപ്പോള്‍ മേഖലയില്‍ താമസിച്ചിരുന്നവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. മേഖലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മലയുടെ ബാക്കി ഭാഗം എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന തരത്തില്‍ അപകടാവസ്ഥയിലാണ്. പാറത്തോട്ടില്‍ മരംവീണ് ഏക്കര്‍ കണക്കിന് ഏലം കൃഷിനശിച്ചു. ഉടുമ്പന്‍ചോല, നെടുങ്കണ്ടം, തൂക്കുപാലം ഇലക്ട്രിക് സെക്ഷനുകള്‍ക്ക് കീഴില്‍ നിരവധി വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. പുളിയന്മല തൂക്കുപാലം നെടുങ്കണ്ടം റൂട്ടില്‍ മൂന്നിടത്ത് മരംവീണു ഗതാഗതം തടസ്സപ്പെട്ടു. കുമളി മൂന്നാര്‍ സംസ്ഥാന പാതയില്‍ വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ഉടുമ്പന്‍ചോല ശാന്തനരുവിയില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു, ചെമ്മണ്ണാര്‍ റോഡില്‍ മണ്ണിടിച്ചിലുണ്ടായി. കല്ലാര്‍, ഇരട്ടയാര്‍ ഡാമിലും കല്ലാര്‍ പുഴയിലും ജലനിരപ്പുയര്‍ന്നു. തൂവല്‍ ചപ്പാത്തില്‍ മുന്‍കരുതലെടുത്തതായി നാട്ടുകാര്‍ അറിയിച്ചു. പുളിയന്‍മലക്കും നെടുങ്കണ്ടത്തിനുമിടയില്‍ മൂന്നിടത്ത് മരംവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഉടുമ്പന്‍ചോല ഏഴരയേക്കറില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു, നാല് പേരെ മാറ്റിപ്പാര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story