Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:31 AM IST Updated On
date_range 28 May 2022 5:31 AM ISTമലങ്കരയിലെ 13 കുടുംബങ്ങൾക്ക് മൂന്നുസെന്‍റ് വീതം ഇനി സ്വന്തം
text_fieldsbookmark_border
മുട്ടം: മലങ്കര ഡാമിന് സമീപം കുടിൽകെട്ടി താമസിക്കുന്ന 13 കുടുംബങ്ങൾക്ക് മൂന്ന് സെന്‍റ് വീതം ഭൂമി സ്വന്തമാകുന്നു. 2019 കാലഘട്ടത്തിൽ ഇവർക്ക് പട്ടയം ലഭിച്ചെങ്കിലും കരമടക്കാൻ സാധിച്ചിരുന്നില്ല. റവന്യൂ വിഭാഗത്തിലെ സാങ്കേതിക തടസ്സങ്ങൾ മൂലമാണ് മൂന്നുവർഷം ഇവരുടെ പേരിൽ പോക്കുവരവ് നടത്തി കരമടക്കാൻ സാധിക്കാതെ വന്നത്. അതിനാൽ, മലങ്കരയിൽ ഇവർക്കായി നിർമിച്ച അഞ്ച് വീടുകൾക്ക് വൈദ്യുതി കണക്ഷന് അപേക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് മുട്ടം പഞ്ചായത്ത് ഭരണസമിതിയും ജനപ്രതിനിധികളും ഇക്കാര്യം ഉന്നത അധികാരികളെ അറിയിക്കുകയും ദ്രുതഗതിയിൽ നടപടി ആവുകയും ആയിരുന്നു. ഈ മാസം അവസാനത്തോടെയൊ ജൂൺ ആദ്യവാരമൊ 13 കുടുംബങ്ങൾക്കും കരംഅടക്കാൻ നടപടി ആകുമെന്ന് വില്ലേജ് അധികൃതർ പറഞ്ഞു. ഇവരിൽ അഞ്ചുപേർക്ക് അനുവദിച്ച സ്ഥലത്ത് വീട് നിർമിച്ചുനൽകിയെങ്കിലും വെള്ളവും വെളിച്ചവും ഇല്ലാത്തതിനാൽ അവിടേക്ക് താമസം മാറാനായില്ല. മലങ്കര ഡാമിന്‍റെ നിർമാണത്തിനായി വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിയവരാണ് ഇവർ. ഡാം സൈറ്റിൽ അഞ്ച് രൂപയായിരുന്ന അന്ന് കൂലി. സൈറ്റിന് പുറത്ത് ഒമ്പതുരൂപ കൂലിയുണ്ടായിരുന്നപ്പോൾ കുറഞ്ഞകൂലിക്ക് പണിയെടുക്കുന്നതിന് തൊഴിലാളികൾ വിസമ്മതിച്ചിരുന്നു. അന്ന് അവിടെ ജോലിചെയ്യുന്നവർക്ക് വീട് നിർമിക്കാൻ സൗജന്യ ഭൂമി നൽകാമെന്ന ഉറപ്പിന്മേൽ ഇവർ ഡാമിന് സമീപം കുടിൽകെട്ടി താമസിക്കുകയായിരുന്നു. പിന്നീട് മാറിവന്ന സർക്കാറുകൾ സ്ഥലം വാഗ്ദാനം ചെയ്തതോടെ കുറഞ്ഞ കൂലിക്കും ഡാം നിർമാണത്തിലും അനുബന്ധ ജോലികളിലും തുടരുകയായിരുന്നു. ഇതിനിടെ ഇലപ്പള്ളി വില്ലേജിൽ ഇവർക്ക് സ്ഥലംനൽകാൻ ആലോചിച്ചെങ്കിലും അവിടെ താമസിച്ചാൽ ജോലികിട്ടാനുള്ള ബുദ്ധിമുട്ടും കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നും കാണിച്ച് മുട്ടത്തെ കോൺഗ്രസ് പ്രവർത്തകർ മുൻ ഡി.സി.സി പ്രസിഡന്‍റ് റോയി കെ.പൗലോസ് വഴി നൽകിയ നിവേദനത്തിലാണ് ഇവരെ പെരുമറ്റത്ത് മൂന്നുസെന്‍റ് വീതം ഭൂമി നൽകി പുനരധിവസിപ്പിക്കുന്നതിന് സർക്കാർ നടപടിയായത്. ഇവർക്കായി ഭൂമി അളന്ന് 13 പ്ലോട്ടുകൾ തിരിച്ചുനൽകുകയും ചെയ്തിരുന്നു. എന്നാൽ, അതിനുശേഷം നടക്കേണ്ട പട്ടയ നടപടിക്കും പോക്കുവരവിനും കരം അടച്ച് പേരിൽ ചേർക്കുന്നതിനും വർഷങ്ങൾ വേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story